സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും മുന്നേറി
കൊച്ചി: ഐശ്വര്യവർഷമായ സംവത്-2075ലേക്ക് ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച കുതിപ്പോടെ ചുവടുവച്ചു. സംവത്-2075 വർഷാരംഭത്തോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് അഞ്ചു മുതൽ 6.30വരെ നടന്ന 'മുഹൂർത്ത വ്യാപാര"ത്തിൽ സെൻസെക്‌സ് ഒരുവേള മുന്നൂറ് പോയിന്റിനുമേലും നിഫ്‌റ്രി 100 പോയിന്റിനടത്തും മുന്നേറി. വ്യാപാരാന്ത്യം സെൻസെക്‌സ് 245പോയിന്റ് (0.7 ശതമാനം) നേട്ടവുമായി 35,237ലും നിഫ്‌റ്റി 68 പോയിന്റ് (0.65 ശതമാനം) മെച്ചപ്പെടുത്തി 10,598ലുമാണുള്ളത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്രാ മോട്ടോഴ്‌സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ പെട്രോളിയം, വേദാന്ത, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവ നഷ്‌ടം നുണഞ്ഞു. ഇന്ത്യൻ ഓഹരി വിപണികളുടെ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും മികച്ച മുഹൂർത്ത വ്യാപാരമാണിത്. 2008ലെ (സംവത്-2065) മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്‌സ് 5.86 ശതമാനം മുന്നേറിയിരുന്നു.
ഒറ്റ മണിക്കൂർ; നേട്ടം
₹1.18 ലക്ഷം കോടി
ഒരുമണിക്കൂർ നീണ്ട മുഹൂർത്ത വ്യാപാരത്തിലൂടെ, ഇന്നലെ സെൻസെക്‌സിലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർദ്ധന 1.18 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ നിക്ഷേപമൂല്യം 147.10 ലക്ഷം കോടി രൂപയിലേക്കാണ് ഇന്നലെ ഉയർന്നത്.
തിളക്കം മങ്ങി സ്വർണവില
മുഹൂർത്ത വ്യാപാരത്തിൽ സ്വർണവില നേരിട്ടത് നഷ്‌ടം. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 210 രൂപ താഴ്‌ന്ന് വില 32,400 രൂപയിലെത്തി. കേരളത്തിൽ പവന് 80 രൂപ താഴ്‌ന്ന് 23,640 രൂപയിലും ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,955 രൂപയിലുമായിരുന്നു വ്യാപാരം. അതേസമയം, വിലക്കുറവിന്റെ പിൻബലത്തിൽ ഇക്കുറി ദീപാവലി സീസണിൽ കേരളത്തിൽ മുൻവർഷത്തേക്കാൾ 15 ശതമാനം വരെ വില്‌പന വർദ്ധന ദൃശ്യമാണെന്ന് വ്യാപാരികൾ പറഞ്ഞു.