വാഷിംഗ്ടൺ: ഇറാനിൽ ഇന്ത്യയുടെ സഹകരണത്തോടെ നിർമിക്കുന്ന ചാബഹാർ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പിക്കുന്ന റെയിൽവേ ലൈൻ നിർമാണത്തിനും യു.എസിന്റെ ഇളവ്. ഉപരോധത്തിൽ ഉൾപ്പെടാത്ത ഉത്പന്നങ്ങളെ തുറമുഖത്തുകൂടി അഫ്ഗാനിലേക്കു കൊണ്ടുപോകുന്നതിനും തടസമുണ്ടാകില്ലെന്നു യു.എസ് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ട്രംപിന്റെ ഓഫീസിൽ നിന്ന് ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെയാണു ചാബഹാർ പദ്ധതിയിലും ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത്.
ഇറാനെതിരെ കഴിഞ്ഞ ദിവസം യു.എസ് കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ചാബഹാർ തുറമുഖ പദ്ധതി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഊർജം, ബാങ്കിംഗ്, ഷിപ്പിംഗ്, കപ്പൽ നിർമാണം എന്നിവയ്ക്കാണ് നിലവിൽ ഉപരോധമുള്ളത്. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിന് ഏറെ പ്രയോജനകരമായ ചാബഹാർ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ വഹിക്കുന്ന പങ്ക് അംഗീകരിക്കുന്നതു കൊണ്ടാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
ചാബഹാർ തുറമുഖം
ഇറാന്റെ തെക്കുകിഴക്കായി ഒമാൻ കടലിടുക്കിൽ ഷാഹിബ് കലന്തേരി, ഷാഹിബ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങൾ ചേർന്നതാണു ചാബഹാർ തുറമുഖം. ഇതിൽ ഷാഹിബ് ബഹേഷ്ടി വികസനത്തിനാണ് ഇന്ത്യ സഹകരിച്ചത്. ചാബഹാർ തുറമുഖത്തു നിന്നു 100 കിലോമീറ്റർ അകലെയാണ് പാകിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാർ തുറമുഖം. ചൈന ഗ്വാദാർ തുറമുഖത്തു കോടികൾ മുടക്കി വൻകിട പദ്ധതികൾ നടപ്പാക്കുകയാണ്. തൊട്ടടുത്ത് ഇറാനിലെ ചാബഹാർ തുറമുഖത്തിന്റെ വികസനം ഏറ്റെടുക്കാൻ കഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പശ്ചാത്തലത്തിലും ചാബഹാർ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഷാഹിബ് ബഹേഷ്ടി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യാ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാർ അടുത്തിടെ ഒപ്പുവച്ചിരുന്നു. നിർമ്മാണം പൂർത്തിയായിട്ടില്ലെങ്കിലും തുറമുഖം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാനിലേക്ക് ഈ മാർഗത്തിലൂടെ എത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ പുനർനിർമാണപ്രവർത്തനങ്ങളിലെ മുഖ്യപങ്കാളി ഇന്ത്യയാണ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൗഹാർദ്ദപരമായൊരു നീക്കമുണ്ടായത്.
-യു.എസ് പ്രതിരോധ വക്താവ്