അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയ 96 കാരി കാർത്യായനി അമ്മ ഇനി അടുത്ത ലക്ഷ്യമായ കമ്പ്യൂട്ടർ പഠനത്തിലേക്ക്. സംസ്ഥാന സാക്ഷരതാ മിഷന്റെ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഈ കൊച്ചു സൂപ്പർ സ്‌റ്റാർ അമ്മൂമ്മയെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് സമ്മാനമായി ഒരു ലാപ്ടോപ്പ് നൽകിയത്. ഏറെ നാളത്തെ ഒരു മോഹം നടന്നതിന്റെ സന്തോഷത്തിലാണ് അമ്മൂമ്മ മന്ത്രിയെ യാത്രയയച്ചത്. ഒപ്പം അമ്മൂമ്മ തന്റെ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് മന്ത്രിയെ ഒന്ന് ഞെട്ടിക്കുകയും ചെയ്തു.
പരീക്ഷയിൽ നൂറിൽ 98 മാർക്കായിരുന്നു കാർത്ത്യായനി മുത്തശ്ശി നേടിയത്. 96 വയസിലെ ആ മികവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാര പത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും വിദ്യാഭ്യാസ മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, എസ്.ഐ.ഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.