pic
MANAPPURAM

കൊച്ചി: മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലത്തിൽ, ഇന്നലെ 'മുഹൂർത്ത വ്യാപാര"ത്തിൽ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ആറ് ശതമാനം വരെ മുന്നേറി. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ മണപ്പുറം 221.39 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 158.20 കോടി രൂപയേക്കാൾ 40 ശതമാനം അധികമാണിത്.

കമ്പനിയുടെ മൊത്തം വരുമാനം 830.62 കോടി രൂപയിൽ നിന്ന് 22.13 ശതമാനം ഉയർന്ന് 1,014.44 കോടി രൂപയായി. മണപ്പുറം ഗ്രൂപ്പിന്റെ മൊത്തം ആസ്‌തി 25.27 ശതമാനം ഉയർന്ന് 17,190.70 കോടി രൂപയിലെത്തി. മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ രണ്ടുരൂപ മുഖവിലയുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ഓഹരി വിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള മണപ്പുറം ഹോം ഫിനാൻസിൽ 100 കോടി രൂപയുടെ നിക്ഷേപം (ഇക്വിറ്രി ഇൻഫ്യൂഷൻ) നടത്താനുള്ള ഡയറക്‌ടർ ബോർഡിന്റെ തീരുമാനവും ഇന്നലെ ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. മറ്റൊരു ഉപസ്ഥാപനമായ ആശീർവാദ് മൈക്രോ ഫിനാൻസിൽ 150 കോടി രൂപയുടെ നിക്ഷേപം നടത്താനും തീരുമാനമുണ്ട്.