kamal-haasan
KAMAL HAASAN

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷനും നടനുമായകമലഹാസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. താൻ വാഗ്ദാനങ്ങൾ നൽകുന്നതിൽ വിശ്വസിക്കുന്നില്ല,​ മറിച്ച് ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കമലഹാസന്റെ 64-ാം ജന്മദിനമായ ഇന്നലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാർട്ടി പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. അഴിമതിയില്ലാത്ത രാഷ്ട്രീയമാണ് മക്കൾ നീതി മയ്യം മുന്നോട്ട് വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് അഴിമതിയില്ലാതെ നടക്കണമെന്ന് കമലഹാസൻ പറഞ്ഞു. മദ്രാസ് ഹൈക്കോടതി എം.എൽ.എമാരെ അയോഗ്യരാക്കിയത് ശരിവച്ചതോടെയാണ് 18 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രണ്ട് സീറ്റുകളിൽ എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

234 അംഗ നിയമസഭയിൽ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോൾ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഫെബ്രുവരിയിലാണ് കമലഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചത്.