ഐസോൾ: മിസോറമിൽ തിരഞ്ഞെടുപ്പ് നടപടികൾക്കു തടസം നിൽക്കുന്നെന്ന് ആരോപിച്ച് സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ലാൽനൻമാവിയ ചുവാങോയെ ചുമതലകളിൽനിന്നൊഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) എസ്.ബി. ശശാങ്കിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിക്കു വിളിപ്പിച്ചു. ശശാങ്കിനെയാണു മാറ്റേണ്ടതെന്ന് ആവശ്യപ്പെട്ടു മിസോറമിൽ ജനം തെരുവിലിറങ്ങിയതിനെ തുടർന്നാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ഇലക്‌ഷൻ കമ്മിഷൻ ഒരു ഉന്നത ഉദ്യോഗസ്ഥനെയും മിസോറമിലേക്ക് അയയ്ക്കും. സന്നദ്ധ - സാമൂഹിക സംഘടനകളുടെ ഏകോപനസമിതിയുടെ നേതൃത്വത്തിൽ ശശാങ്കിന്റെ ഓഫീസ് പിക്കറ്റ് ചെയ്യുകയാണ്. ത്രിപുരയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ബ്രൂ വംശജർക്കു വോട്ടു ചെയ്യാൻ അവസരം നിഷേധിച്ചത് അടക്കം 6 പരാതികളെ തുടർന്നാണ് കമ്മിഷനും സർക്കാരും തമ്മിൽ പോര് ശക്തമായിരിക്കുന്നത്. നവംബർ 28നാണു മിസോറമിലെ 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. സംസ്ഥാനം സന്ദർശിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘം സർക്കാർ ഉദ്യോഗസ്ഥരുമായും ഏകോപനസമിതി നേതാക്കളുമായും ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താൻ കഴിഞ്ഞില്ല. ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ മിസോറമിലേക്കു സൈനികരെ കൊണ്ടുവരാനുള്ള ശശാങ്കിന്റെ നീക്കത്തിനെതിരെയും പരാതിയുണ്ട്. സൈനികരെ വിന്യസിക്കുന്നതിനുള്ള ചെലവു സംസ്ഥാനമാണു വഹിക്കേണ്ടത്. എന്നാൽ ഇതു പാഴ്‌ച്ചെലവാണെന്നു സമരക്കാർ പറയുന്നു. മുൻവർഷങ്ങളിൽ സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ സമാധാനപരമായാണു മിസോറമിൽ തിരഞ്ഞെടുപ്പു നടന്നിരുന്നത്. സൈന്യത്തെ വിന്യസിക്കാനുള്ള ശശാങ്കിന്റെ തീരുമാനത്തെ ചുവാങോ ചോദ്യം ചെയ്തതും പരാതിക്ക് കാരണമായി.