കൊച്ചി: കണ്ണൂർ, കൊച്ചി ടെർമിനലുകൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാനായതോടെ പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ വിദേശത്ത് ഉൾപ്പെടെ കൂടുതൽ വിമാനത്താവള പദ്ധതികൾ ഏറ്റെടുക്കുന്നു. കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ, കൊച്ചിയിലെ ടെർമിനൽ മൂന്ന് എന്നിവ ചതുരശ്ര മീറ്ററിന് 65,000 രൂപ മാത്രം ചെലവഴിച്ച് നിർമ്മിക്കാനായത് കിറ്റ്കോയുടെ സ്വീകാര്യത വർദ്ധിപ്പിച്ചതായി മാനേജിംഗ് ഡയറക്‌ടർ സിറിയക് ഡേവിസ് പറഞ്ഞു.
കേരളത്തിന് പുറത്തും വിദേശത്തും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന ചെലവാണ്, എയർപോർട്ട് ഇക്കോണമി റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് കിറ്റ്‌കോ കുറച്ചത്. ഇതുമൂലം യൂസർ ഫീ ഉൾപ്പെടെ ചെലവുകൾ കുറയ്ക്കാൻ കഴിയും. മംഗളൂരു വിമാനത്താവള നവീകരണം, കൊച്ചിയിലെ ആഭ്യന്തര ടെർമിനൽ, ബംഗളൂരുവിലെ അന്താരാഷ്ട്ര കാർഗോ ടെർമിനൽ രൂപകല്പന, ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡിന്റ ഏയ്റോ എൻജിൻ വികസന കേന്ദ്രം എന്നവിയുടെ കരാറുകൾ കിറ്ര്‌കോയ്ക്ക് ലഭിച്ചിട്ടുണ്ട്.
747 കോടി രൂപ ചെലവിൽ കൊച്ചി ജല മെട്രോ, സ്‌കൂളുകളുടെ നവീകരണം, മൂന്ന് മെഡിക്കൽ കോളേജുകളുടെ നിർമ്മാണം, കായിക വികസനത്തിന് 700 കോടി രൂപയുടെ 57 പദ്ധതികൾ എന്നിവയാണ് നിലവിൽ കിറ്ര്‌കോ നടപ്പാക്കുന്ന പദ്ധതികൾ. വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവർത്തന മേഖല വ്യാപിപ്പിച്ചു. കൂടുതൽ വിദേശ പദ്ധതികൾ നേടി ആഗോളതലത്തിൽ പ്രവർത്തനം വിപുലമാക്കും.
വളർച്ച 19.19%
കിറ്ര്‌കോയുടെ മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 19.19 ശതമാനം വർദ്ധിച്ച് 60.02 കോടി രൂപയായി. അറ്റാദായം 11.62 ശതമാനം ഉയർന്ന് 9.34 കോടി രൂപയിലെത്തി. 24 ശതമാനം വളർച്ചയാണ് ഈവർഷം ലക്ഷ്യമിടുന്നത്.