bjp

പാലക്കാട്: കോൺഗ്രസിൽ നിന്നും രാജിവച്ച കൗൺസിലർ ബി.ജെ.പിയിൽ ചേർന്നു. പാലക്കാട് കൽപ്പാത്തി വാർഡിലെ കൗൺസിലറായ ശരവണനാണ് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നത്. സി.പി.എമ്മും കോൺഗ്രസും കൈകോർക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ശരവണൻ കഴിഞ്ഞ ദിവസം രാജിവച്ചത്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജിവച്ച ശരവണൻ ബി.ജെ.പി ഓഫീസിലെത്തി നേതാക്കളെ കാണുകയായിരുന്നു. ഇന്ന് വൈകീട്ടാണ് അദ്ദേഹം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അംഗത്വം സ്വീകരിച്ചത്. ശരവണന്റെ രാജിയോടെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

അതേസമയം, കോൺഗ്രസ് പ്രവർത്തന രീതികളോട് യോജിക്കാനാവാത്തത് മൂലമാണ് കൗൺസിലർ സ്ഥാനവും പാർട്ടിയിൽ നിന്നും രാജിവെച്ചതെന്ന് ശരവണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇനി ബി.ജെ.പി പ്രവർത്തകനായി തുടരാനാണ് തീരുമാനം. ബി.ജെ.പിയിൽ നിന്ന് ലക്ഷങ്ങൾ കോഴ കൈപ്പറ്റിയാണ് അവിശ്വാസ പ്രമേയത്തിന് മുമ്പായി രാജിവെച്ചതെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ഇത് ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ചോദിക്കണം. സാമ്പത്തികമായി ഒരു നേട്ടവുമില്ല. അഭിമാനത്തോടെ രാജിവെക്കുകയാണ് ചെയ്തത്, അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല. കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്താൻ വേണ്ടിയാണ് പാലക്കാട് നിന്ന് രണ്ടുദിവസം മാറി നിന്നതെന്നും ബി.ജെ.പി ഓഫീസിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.