മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിൽ ആസിഫ് അലിയും. പൊലീസ് വേഷത്തിലാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ഖാലിദിന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലിയായിരുന്നു നായകൻ.
മമ്മൂട്ടിയോടൊപ്പം ആസിഫ് അലി ഇത് മൂന്നാം തവണയാണ്. ജവാൻ ഒഫ് വെള്ളിമല, ബെസ്റ്റ് ഒഫ് ലക്ക് എന്നിവയാണ് മുൻ ചിത്രങ്ങൾ.
ആസിഫ് അലിയോടൊപ്പം വിനയ് ഫോർട്ടും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയിൽ അണിനിരക്കുന്നുണ്ട്.
ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ടയുടെ രചന നിർവഹിക്കുന്നത് ഹർഷാദാണ്. ജിംഷി ഖാലിദാണ്ഛായാഗ്രാഹകൻ. ദംഗൽ ഉൾപ്പെടെയുള്ള ഒട്ടേറെ ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടന സംവിധാനം നിർവഹിച്ച ശ്യാം കൗശലാണ് ഉണ്ടയിലെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. കാസർകോടും ഛത്തീസ്ഗഢിലുമായി പൂർത്തിയാകുന്ന ഉണ്ട ജെമിനി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും.