തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ഹരിയും അഞ്ചാം തവണയും ഒന്നിക്കുന്നു. വേൽ, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ മുമ്പ് പുറത്തിറങ്ങിയത്. സൂര്യയുടെ താരമൂല്യം വർദ്ധിപ്പിച്ച ചിത്രങ്ങളാണ് സിങ്കം സീരീസിലേത്. എന്നാൽ പുതിയ ചിത്രം സിങ്കം 4 ആയിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മുൻ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു പ്രമേയമാണത്രേ ഹരിയുടെ പരിഗണനയിലുള്ളത്. മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന എൻ.ജി.കെയാണ് സൂര്യയുടെ പുതിയ ചിത്രം. ഇതിനകം നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. സായി പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് നായികമാർ. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് സൂര്യയുടെ മറ്റൊരു പ്രോജക്ട്. മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാൽ രാഷ്ട്രീയ നേതാവിന്റെയും സൂര്യ കമാൻഡോയുടെയും വേഷമാണ് അവതരിപ്പിക്കുന്നത്.