തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണം ആരംഭിച്ച പാളയം ഹൈടെക് മത്സ്യമാർക്കറ്റ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പോലും വേണ്ടാതായി. ആർക്കു വേണ്ടിയാണോ പണിതത് അവർ തന്നെ നിഷേധിച്ചപ്പോൾ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. നഗരത്തിലെ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ പാളയം കണ്ണിമേറ മാർക്കറ്റിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യഫെഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ രൂപകല്പന തയ്യാറാക്കിയത്. ഇതിന്റെ പണി ഏതാണ്ട് പൂർത്തിയായ മട്ടാണ്. ഒരു ടേബിളിൽ രണ്ടാളെന്ന ക്രമത്തിൽ ഒരേ സമയം മൂന്നു ഡസൻ കച്ചവടക്കാർക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണ് സജ്ജീകരിച്ചത്. മത്സ്യം വാങ്ങാൻ വരുന്നവർക്ക് മേൽ മീൻ വെള്ളമോ അഴുക്കോ തെറിക്കാത്ത വിധത്തിലും അഴുക്കും ഐസ് വെള്ളവും മാർക്കറ്റിൽ വ്യാപിക്കാതെ ഒഴുകിപ്പോകത്തക്ക വിധത്തിലുമാണ് രൂപകല്പന.
നിർമ്മാണം ഏകദേശം പൂർത്തിയാകാനിരിക്കെയാണ് മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾ തങ്ങൾക്ക് ഇരുന്ന് വില്പന നടത്താൻ സൗകര്യമില്ലാത്ത വിധത്തിലാണ് പുതിയ സംവിധാനമെന്ന പരാതി ഉന്നയിച്ചത്. മത്സ്യം നിരത്താൻ നിർമ്മിച്ചിരിക്കുന്ന ബെഞ്ചുകൾക്ക് സമീപം സ്റ്റൂളോ കസേരയോ ഇടാൻ സ്ഥലമില്ലെന്നും ഇവർ ആരോപിച്ചു. രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന മാർക്കറ്റിൽ സ്ഥിരമായി നിവർന്നുനിന്ന് കച്ചവടം ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ഇവരുടെ വാദം. മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മാർക്കറ്റിന്റെ അവസാന വട്ട മിനുക്ക് പണികൾ നഗരസഭ നിറുത്തിവച്ചു. ഇപ്പോൾ ആകെ അലങ്കോലമായ നിലയിലാണ് പുത്തൻ മാർക്കറ്റ്. ആർക്കെങ്കിലുമൊക്കെ കയറി കിടക്കാം, ഉറങ്ങാം എന്ന നിലയിലായി ഇവിടം. പാളയം മാർക്കറ്റിലെ സ്ഥലപരിമിതിയിൽ മത്സ്യക്കച്ചവടക്കാരായ സ്ത്രീകളും വാങ്ങാനെത്തുന്നവരും പൊറുതി മുട്ടുമ്പോഴും പ്രശ്ന പരിഹാരത്തിന് യാതൊരു നടപടിയും നഗരസഭ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
നിലവിലുള്ളത്
മോടികൂട്ടാൻ ഗ്രാനൈറ്റും സ്റ്റീലും കോൺക്രീറ്റ് ചെയ്ത തറയിൽ ടൈൽസും സിമന്റ് ടേബിളിൽ ഗ്രാനൈറ്റുമാണ് പതിച്ചിട്ടുള്ളത്. ഐസ് വെള്ളം ടേബിളിൽ നിന്ന് ഓടയിലേക്ക് ഒഴുകിപ്പോകുന്നതിന് തുരുമ്പെടുക്കാത്ത സ്റ്റീൽ സിങ്കും സ്ഥാപിച്ചിട്ടുണ്ട്. മൂന്നു നിരകളായി ക്രമീകരിച്ചിട്ടുള്ള മാർക്കറ്റിനുള്ളിലൂടെ കടന്നുപോകുന്ന ഓടയിൽ ആളുകൾ വീഴാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമായി സ്റ്റീൽ സ്ളാബുകളുമുണ്ട്.
ഇനി വേണ്ടത്