തിരുവനന്തപുരം: നാട്ടുവൈദ്യത്തിലെ പ്രാഗല്ഭ്യത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വനമുത്തശ്ശിയുടെ ജീവിതാനുഭവങ്ങൾ കേട്ടും കാനനക്കാഴ്ചകൾ അനുഭവിച്ചും നഗരത്തിലെ വിദ്യാർത്ഥിക്കൂട്ടം. പേരൂർക്കട ജി.ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പം കാട്ടിൽ ഒരു ദിവസം ചെലവിട്ടത്.
പേരൂർക്കടയിൽ നിന്ന് വിതുര പൊന്മുടി റോഡിൽ കല്ലാർ ചെക്ക് പോസ്റ്റ് വരെ സ്‌കൂൾ ബസിൽ സഞ്ചരിച്ച വിദ്യാർത്ഥികൾ പിന്നീട് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റർ നടന്നാണ് മൊട്ടമൂട് എന്ന കാടിനോട് ചേർന്നുള്ള പ്രദേശത്തെത്തിയത്. അവിടെ വനത്തിനുള്ളിൽ ചെറുകുടിലിൽ എഴുപത്തിനാലാം വയസിലും ഏറെ ചുറുചുറുക്കോടെ കഴിയുന്ന ലക്ഷ്മിക്കുട്ടിഅമ്മയെ കണ്ടപ്പോൾ കുട്ടികൾക്കും നവോന്മേഷം.
കാട്ടറിവുകൾ തേടിയുള്ള കേഡറ്റുകളുടെ യാത്രയിൽ തന്റെ കുട്ടിക്കാലം മുതൽക്കുള്ള ഒട്ടേറെ അനുഭവങ്ങൾ വനമുത്തശ്ശി പങ്കുവച്ചു. വിദ്യാഭ്യാസ കാലം മുതൽ പത്മശ്രീ നേടുന്നതു വരെയുള്ള ലക്ഷ്മിക്കുട്ടിഅമ്മയുടെ ജീവതത്തെപ്പറ്റി അറിയാൻ വിദ്യാർത്ഥികൾ താത്പര്യം കാണിച്ചു. കൗതുകത്തോടെയുള്ള കുട്ടികളുടെ ചോദ്യത്തിന് വനമുത്തശ്ശി വിശദമായിത്തന്നെ ഉത്തരം നൽകി. വനത്തെയും വനവാസികളുടെ ജീവിതത്തെയും കാട്ടുമൃഗങ്ങളെയും പറ്റി ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞുകൊടുത്ത കാര്യങ്ങളെല്ലാം നഗരവാസികളായ കുട്ടികൾക്ക് പുതുമയുള്ളതായി. മൊട്ടമൂട് ഊരിന്റെ മൂപ്പനായിരുന്ന ഭർത്താവ് മാത്തൻ കാണി മരിച്ചതിന് ശേഷം കാട്ടിന് നടുവിലെ ഈ കുടിലിൽ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടി അമ്മ കഴിയുന്നത്. കുടിലിന് ചുറ്റും അവർ നട്ട് വളർത്തുന്ന പച്ചമരുന്നുകളാണ് അവർക്ക് കൂട്ട്. ഒറ്റയ്ക്ക് കഴിയാൻ പേടിയില്ലേ എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് 'കാടിനെയും കാട്ടുമൃഗങ്ങളെയും എനിക്ക് പേടിയില്ല. ചെറുപ്പം മുതൽ കാണുന്നതല്ലേ. മനുഷ്യരോളം ദുഷ്ടരല്ല കാട്ടുമൃഗങ്ങൾ' എന്നു വനമുത്തശ്ശിയുടെ മറുപടി.
വിഷചികിത്സയിലൂടെ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചത് അഭിമാനത്തോടെയാണ് ലക്ഷ്മിക്കുട്ടി അമ്മ വിവരിച്ചത്. ക്രൂരമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിൽ അവയിൽ നിന്ന് രക്ഷപ്പെടാനും ചെറുമൃഗങ്ങളെ വില്ലും കല്ലും ഉപയോഗിച്ച് തുരത്തുവാനും മുത്തശ്ശി ഉപയോഗിച്ച രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിവിധ തരം കാട്ടുചെടികളെയും അവയുടെ ഔഷധ ഗുണങ്ങളെയും പറ്റി വിവരിച്ചുകൊടുത്തു. പഴയകാല സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ലക്ഷ്മിക്കുട്ടി അമ്മ കുട്ടികൾക്കായി പാട്ടു പാടിക്കൊടുത്തു. കാടും കാട്ടറിവുകളും ഇല്ലാതാകുന്ന ആവലാതി കുട്ടികളോട് പങ്കുവച്ച വനമുത്തശ്ശി 'നിങ്ങൾ പുതു തലമുറ വേണം ഇതിനെയെല്ലാം കാത്തുരക്ഷിക്കാൻ' എന്ന ഉപദേശവും നൽകി.
വിലപ്പെട്ട കാട്ടറിവുകൾക്കൊപ്പം കാട്ടിൽ ചെലവിടാനായ അപൂർവ സന്ദർഭത്തെപ്പറ്റി കുട്ടികൾ വാചാലരായി. നഗരത്തിരക്കിൽ നിന്ന് കാട്ടിൽ എത്തിയ കുട്ടികൾക്ക് പറയാനുണ്ടായിരുന്നത് അവിടത്തെ ശുദ്ധവായുവും നല്ല കുടിവെള്ളത്തെയും സ്വാദിഷ്ടമായ വിഭവങ്ങളെയും പറ്റിയായിരുന്നു. വിഷമില്ലാത്ത കിഴങ്ങുകളും വാഴപ്പഴവും കുട്ടികൾ രുചിച്ചു. കാടിറങ്ങുമ്പോൾ ഇനി നാടുവേണ്ട, കാട്ടിൽത്തന്നെ കഴിഞ്ഞാൽ മതിയെന്ന അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു.
ലക്ഷ്മിക്കുട്ടി അമ്മയെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. സി.പി.ഒ സുജാ തോമസ്, ഡി.ഐമാരായ ഷാജി, ശ്രീകുമാർ, സംഗീത എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.