mangalapuram-vizhinjam

കഴക്കൂട്ടം : ദേശീയപാതയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന മംഗലപുരം വിഴി!*!!*!ഞ്ഞം ആറുവരിപ്പാതയുടെ സാദ്ധ്യതാ പഠനം പൂർത്തിയായി. പാത കടന്ന് പോകുന്ന മംഗലപുരം, പോത്തൻകോട്, കാട്ടായിക്കോണം, പന്തലക്കോട്, വട്ടപ്പാറ, അരുവിക്കര, വിളപ്പിൽശാല, മാറനല്ലൂർ, ബാലരാമപുരം, വെങ്ങാനൂർ അടങ്ങുന്ന പ്രദേശങ്ങളിലാണ് നോഡൽ ഏജൻസിയായ എൽ ആൻഡ് ടി പഠനം നടത്തിയത്. പഠനം പൂർത്തിയാക്കാൻ മാസങ്ങളെടുത്തു. പദ്ധതി നടപ്പായാൽ ഈ പ്രദേശങ്ങളിൽ വൻ വികസനമുണ്ടാകും. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെയും അതുപോലെ ദേശീയ പാതകളിലെയും തിരക്ക് ഒഴിവാക്കി തുറമുഖത്തേക്ക് എത്തുന്നതും അവിടെ നിന്നു പുറപ്പെടുന്നതുമായ ചരക്കുനീക്കം ഏറെ സുഗമമാക്കുന്നതിന് വേണ്ടിയാണ് ആറുവരിപ്പാത നിർമ്മിക്കാനൊരുങ്ങുന്നത്. എന്നാൽ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് യാതൊരു ധാരണയുമായില്ലെന്നാണ് വിവരം.


പ്രതിഷേധം ഉയർന്നു
മംഗലപുരത്ത് നിന്നുള്ള ആറുവരിപ്പാതയ്ക്കായി ബന്ധപ്പെട്ടവർ തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ തന്നെ പാത കടന്ന് പോകുന്നിടങ്ങളിലെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പരിഹരിച്ച് വേണം ആറുവരിപ്പാതയ്ക്ക് തുടക്കമിടാൻ. പല സ്ഥലത്തും നാട്ടുകാർ എതിർത്തതിനെ തുടർന്ന് സർവേക്ക് തടസം നേരിട്ടിരുന്നു.


സർവേ തുടരും
റോഡ് കടന്ന് പോകുന്നതിന്റെ റവന്യൂരേഖകൾ സർവേ ഏജൻസി ഭൂ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ഉപഗ്രഹ സർവേ നടത്തും. ഇത് പൂർത്തിയായ ശേഷം റോഡിന്റെ അലൈൻമെന്റ് തീരുമാനിക്കും. ഇതിന് ശേഷമായിരിക്കും ജനങ്ങളെയും കൂടി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സർവേ ആരംഭിക്കുക. ജനങ്ങളെയും ഭൂഉടമകളെയും ഒപ്പം നിറുത്തിയായിരിക്കും സർവേ നടത്തുക.


ലക്ഷ്യം
2019 അവസാനത്തോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തന യോഗ്യമാകേണ്ടത്. അതിനോടൊപ്പം നിർമ്മാണത്തിനു തുടക്കം കുറിക്കാനാണ് ലക്ഷ്യം.

മംഗലപുരം-വിഴിഞ്ഞം ആറുവരിപ്പാത