പൂവാർ : കാഞ്ഞിരംകുളം, തിരുപുറം, കരുംകുളം, പൂവാർ പഞ്ചായത്തു പ്രദേശങ്ങളിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാട്ടർ അതോറിട്ടിയുടെ കുമിളി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനം ഉടനുണ്ടാകുമെന്നാണ് വിവരം.
1958ൽ തിരുപുറം, കാഞ്ഞിരംകുളം പഞ്ചായത്തുകളുടെ സമീപത്തായി നീർകനിവിന്റെ കുമിളകളെ പ്രയോജനപ്പെടുത്തിയായിരുന്നു കുമിളി വാട്ടർ സപ്ലൈ സ്‌കീമിന് തുടക്കം കുറിച്ചത്. അന്നത്തെ കേരള ഗവർണർ ബി. രാമകൃഷ്ണറാവു പ്രസ്തുത സ്‌കീം നാടിന് സമർപ്പിച്ചു. തുടക്കത്തിൽ കുമിളി പ്രദേശം കുമിളകളാൽ സമ്പന്നമായിരുന്നു. ഏതൊരു സ്ഥലത്തും കുമിളകൾ പ്രത്യക്ഷപ്പെടുന്നത് തന്നെ മനോഹരമായ കാഴ്ചയായിരുന്നു. ഇന്ന് കുമിളകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതോടെ ജലവിതരണത്തിലും കുറവുണ്ടായി. ഇത് മറികടക്കാനാണ് പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നത്.
60 വർഷത്തിനു ശേഷമാണ് കൂടുതൽ ശേഷിയുള്ള ഒരു ജല ശുദ്ധീകരണ പ്ലാന്റ് പ്രദേശത്ത് നിർമ്മിക്കുന്നത്. തിരുപുറം പഞ്ചായത്തിലൂടെ കടന്നുപോകുന്ന നെയ്യാറിൽ നിന്നു ഒരു ദിവസം 8 മില്യൻ ലിറ്റർ വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. അതുപോലെതന്നെ കുമിളിയിലെ കുമിളകളിൽ നിന്നു ഒരു ദിവസം 4 മില്യൻ ലിറ്റർ വെള്ളവും ശേഖരിച്ച് ശുദ്ധീകരിക്കും. ഇങ്ങനെ ഒരു ദിവസം 12 മില്ല്യൻ ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് സജ്ജമായിരിക്കുന്നത്.
ശുദ്ധീകരിച്ച ജലം സംഭരിക്കാൻ കാഞ്ഞിരംകുളത്ത് 4.4 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളുന്ന സംഭരണി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 2 ലക്ഷം ലിറ്റർ ജലം സംഭരിക്കാനുള്ള ടാങ്കും നിലവിലുണ്ട്. തിരുപുറത്ത് 8 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചു കഴിഞ്ഞു. കരുംകുളം പരണിയത്ത് 4.5 ലക്ഷം ലിറ്റർ ടാങ്കിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
"കുമിളി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഇപ്പോൾ പരീക്ഷണാർത്ഥം ജല ശുദ്ധീകരണം നടക്കുന്നുണ്ട്. നിലവിലെ ജലവിതരണ സംവിധാനം പൂർണമായും മാറേണ്ടതുണ്ട്. 1956ൽ കുഴിച്ചിട്ട പൈപ്പ് ലൈനുകളിലൂടെ തന്നെയാണ് പുതിയ കണക്ഷനും ലിങ്ക് ചെയ്യേണ്ടി വരിക. കാലപ്പഴക്കമേറിയതും വലിപ്പക്കുറവുള്ളതുമായ പൈപ്പ് ലൈനിലൂടെ പുതിയ ലോഡ് കൂടി കയറ്റി വിടുമ്പോൾ പഴയ പൈപ്പുകൾ പൊട്ടാൻ സാദ്ധ്യതയുണ്ട്."
-ദീപ്തി ലാൽ ബി.എൽ,
അസിസ്റ്റന്റ് എൻജിനിയർ
"കുമിളി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണികൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. കുമിളി റോഡിന്റെ ടാറിംഗ് പ്രവൃത്തിയും കരുംകുളം പരണിയം വാട്ടർ ടാങ്കിന്റെ പണിയും സമയബന്ധിതമായി പൂർത്തിയാക്കും. ഡിസംബറോടെ കുമിളി സമഗ്ര കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കും."
-കെ.ആൻസലൻ എം.എൽ.എ