shangumugham-beach

തിരുവനന്തപുരം: കടലെടുത്ത് സർവനാശത്തിൽ മുങ്ങിയ ശംഖുംമുഖത്തിന് പുതിയ മുഖം നൽകാനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിക്ക് ഭരണാനുമതിയായി. കടൽതീര നവീകരണം, പാർക്കിംഗ് ആൻഡ് റിക്രിയേഷൻ, കൾച്ചറൽ ഹബ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചുള്ള നവീകരണമാണ് നടക്കുക. 14.6 കോടി രൂപയുടെ പദ്ധതി നിർമ്മാണം ഡിസംബറോടെ ആരംഭിക്കും. കടൽക്ഷോഭത്തിന്റെ ഭാഗമായി തീരവും നടപ്പാതയും വരെ കടലെടുത്ത ശംഖുംമുഖം കടൽതീരത്ത് അപകടസാദ്ധ്യത കണക്കിലെടുത്ത് സഞ്ചാരികൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് സഞ്ചാരികളുടെ വരവിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിർമ്മാണം ഉടനേ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. അടുത്തമാസം ആരംഭിക്കുന്ന നിർമ്മാണം 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം.


പാർക്ക് നവീകരണത്തിന് 4.99 കോടി
സുനാമി പാർക്ക്, ചാച്ചാ നെഹ്രു പാർക്ക് എന്നിങ്ങനെ രണ്ട് പാർക്കുകളാണ് ശംഖുംമുഖത്തുള്ളത്. കാടുകയറി നശിച്ചതിനെത്തുടർന്ന് രണ്ട് പാർക്കും നിലവിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവ രണ്ടും തുറന്ന് നവീകരണം നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനായി 4.99 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ശംഖുംമുഖത്തെത്തുന്നവരെ കുഴക്കുന്ന പ്രശ്നമാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നത്. അശാസ്ത്രീയ നിർമാണങ്ങൾ കാരണം തലങ്ങും വിലങ്ങുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സുനാമി പാർക്ക് സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമാക്കി മാറ്റാനാണ് തീരുമാനം. ട്രാഫിക് നിയമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവത്കരിക്കുന്നതിനായുള്ള ചാച്ചാനെഹ്റു സൈക്കിൾ പാർക്ക് നവീകരിക്കും. നിലവിൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ലൈറ്റുകൾ ഒന്നും പ്രവർത്തനക്ഷമമല്ല. മാലിന്യവും ചപ്പുചവറുകളും കുന്നുകൂടുന്ന സ്ഥിതിയിലായി. ഡി.ടി.പി.സിക്ക് നല്ല വരുമാനം ലഭിച്ചിരുന്നിടമായിരുന്നു ഇത്.


കച്ചവടത്തിന് പുതിയ കടകൾ
ശംഖുംമുഖം തീരത്തെ തട്ടുകടകൾ നവീകരിച്ച് പുതിയ രൂപം നൽകും. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് നവീകരണം. നിലവിൽ നിർമ്മിച്ചിരിക്കുന്ന കടകൾക്ക് പുറമേ 17 കടകളാകും പുതിയതായി നിർമ്മിക്കുക. കോൺക്രീറ്റുകൾ പൂർണമായും ഒഴിവാക്കി പ്രകൃതിയോട് ചേർന്നുനിൽക്കും വിധമാകും നിർമ്മാണം. കടയുടമകളിൽ നിന്ന് നിശ്ചിത വാടകയും ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യവകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കിയുള്ള കടകളേ ഇനി ശംഖുംമുഖത്ത് പ്രവർത്തിപ്പിക്കുകയുള്ളൂവെന്നും ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി.


ഇരുട്ടിൽ മുങ്ങി തീരം
ശംഖുംമുഖം തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ തകർന്നതോടെ ഇരുട്ടിൽ തപ്പിയേ സന്ദർശകർക്ക് നടക്കാനാവൂ. ശംഖുംമുഖം ഇരുളിലാകുന്നുവെന്ന പരാതി പരിഹരിക്കാനും നടപടികളായി. നിലവിലുള്ള തുരുമ്പെടുത്ത വിളക്കുകാലുകൾ മാറ്റി അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈദ്യുതിവിളക്കുകൾ വരും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാകും ഉപയോഗിക്കുക.


ജലസേചന വകുപ്പിന്റെ കടൽഭിത്തി
ശംഖുംമുഖത്ത് കടൽക്ഷോഭത്തിൽ തീരം നശിക്കുന്നത് തടയാൻ കടൽഭിത്തി നിർമ്മിക്കാൻ ജലസേചന വകുപ്പ് ഏഴ് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. 400 മീറ്റർ നീളത്തിൽ ഏഴ് മീറ്റർ ഉയരത്തിലാണ് നിർമ്മാണം. ഇതിനാവശ്യമായ രൂപരേഖ ഇറിഗേഷൻ ആൻഡ് റിസർച്ച് ബോർഡ് തയ്യാറാക്കി കഴിഞ്ഞു. കരിങ്കല്ല് കൊണ്ട് നിർമ്മിക്കുന്ന കോൺക്രീറ്റ് മതിലിനൊപ്പം മണൽചാക്കുകൾ കൊണ്ട് സംരക്ഷണ ഭിത്തിയും ഒരുക്കും.