police-commissionerate

തിരുവനന്തപുരം: കളക്ടറുടെ അനുമതിയില്ലാതെ, നഗരത്തിലെ ഗുണ്ടകളെ ഏതു സമയവും പൊക്കി അകത്തിടാനും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവർക്കെതിരേ ഗുണ്ടാനിയമം ചുമത്താനും അധികാരങ്ങളോടെ തലസ്ഥാനത്ത് മെട്രോപൊളിറ്റൻ പൊലീസ് കമ്മിഷണറേറ്റ് വരുന്നു. നമ്മുടെ നഗരത്തിന്റെ പൊലീസ് മേധാവിയായി ഇൻസ്‌പെക്ടർ ജനറൽ (ഐ.ജി) നിയമിതനായേക്കും. സിറ്റി പൊലീസ് കമ്മിഷണർക്ക് മജിസ്റ്റീരിയൽ അധികാരവും ലഭിക്കും. സ്റ്റേഷനുകളിൽ കൺട്രോൾ റൂമുകളുമായി സിറ്റി പൊലീസ് മുഖം മിനുക്കാനൊരുങ്ങുകയാണ്. ഇതിനുള്ള ശുപാർശ ഡി.ജി.പി ലോക്നാഥ് ബെഹ്ര സർക്കാരിന് സമർപ്പിച്ചു. കമ്മിഷണറേറ്റ് രൂപീകരണ ചർച്ചയ്ക്ക് 13ന് ചീഫ്‌സെക്രട്ടറി ടോംജോസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.


തിരുവനന്തപുരത്ത് പൊലീസ് കമ്മിഷണറേറ്റ് സ്ഥാപിക്കാൻ 2013 ജനുവരിയിൽ മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവിറക്കിയിട്ടും ഇതുവരെ നടപ്പാക്കാനായിട്ടില്ല. അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് ഐ.എ.എസുകാരാണ് കമ്മിഷണറേറ്റിന് ഇടങ്കോലിടുന്നത്. ഗുണ്ടകളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടാനടക്കം സിറ്റി പൊലീസ് കമ്മിഷണർമാർക്കു അധികാരങ്ങൾ നൽകുന്ന കമ്മിഷണറേറ്റ് സംവിധാനം രാജ്യത്തെ 47 നഗരങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞു. ഐ.എ.എസ്‌ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം കാരണമാണ് നടപടികൾ പുരോഗമിക്കാത്തത്. സർക്കാർ ഉത്തരവിറങ്ങിയിട്ടും, ജില്ലാ കളക്ടർമാരുടെ അധികാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സമ്മർദ്ദമുണ്ടായതോടെ ആഭ്യന്തരവകുപ്പ് ഇതു സംബന്ധിച്ച തുടർവിജ്ഞാപനം പുറപ്പെടുവിച്ചില്ല. ഐ.ജി, ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണർമാരാകുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. മറ്റ് സംസ്ഥാനങ്ങളിൽ സിനിമാ തിയേറ്ററുകൾക്കും കടകൾക്കും ലൈസൻസ് നൽകാനുള്ള അധികാരം പൊലീസ് കമ്മിഷണർക്കുണ്ടെങ്കിലും തിരുവനന്തപുരത്ത് ഈ അധികാരം നൽകില്ല. ക്രമസമാധാനം പാലിക്കാൻ അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ കമ്മിഷണർക്ക് അധികാരമുണ്ടാവും. സി.ആർ.പി.സി 129ാം ചട്ടപ്രകാരം ഇപ്പോൾതന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് വെടിവയ്ക്കാൻ ഉത്തരവിടാനാകും. നിലവിലെ നിയമപ്രകാരം ഗുണ്ടാനിയമം (കാപ്പ) ചുമത്താനും കരുതൽ തടങ്കലിലാക്കാനുമുള്ള ഉത്തരവ് കളക്ടർ പുറപ്പെടുവിക്കേണ്ടതുണ്ട്. മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് വരുന്നതോടെ കമ്മിഷണർക്ക് സ്വമേധയാ ഈ ഉത്തരവിറക്കാനാവും.


ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപീകരിക്കാൻ ഉത്തരവിറക്കിയത്. എന്നാൽ ഐ.എ.എസ് ലോബി ഈ തീരുമാനത്തെ ശക്തമായി എതിർക്കുകയായിരുന്നു. സി.ആർ.പി.സി 8(1) സെക്ഷൻ പ്രകാരം 10 ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരത്തിൽ മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപീകരിക്കാം. പക്ഷേ, തിരുവനന്തപുരത്ത് 10 ലക്ഷം ജനസംഖ്യയില്ല. എന്നാൽ സി.ആർ.പി.സി സെക്ഷൻ 8(3) പ്രകാരം സംസ്ഥാന സർക്കാരിന് മെട്രോപൊളിറ്റൻ നഗരത്തിന്റെ വിസ്തൃതി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് വിജ്ഞാപനമിറക്കാനാവും.


ഇതുപ്രകാരം നേരത്തേ റൂറൽ പൊലീസിന്റെ ഭാഗമായിരുന്ന കഴക്കൂട്ടം സിറ്റി പൊലീസിലേക്ക് കൂട്ടിച്ചേർത്ത് അവിടെ അസി. കമ്മിഷണറെ നിയമിച്ചു. ഇതോടെ സിറ്റിപൊലീസിന്റെ അധീനതയിലുള്ള പ്രദേശങ്ങളുടെ വിസ്തൃതി വർദ്ധിച്ചു. കമ്മിഷണറേറ്റ് വരുന്നതോടെ തിരുവനന്തപുരം കൽപ്പിത പൊലീസ് സോണായി മാറും.

"സിറ്റി പൊലീസ് കമ്മിഷണർമാർക്ക് നൽകുന്ന അധികാരത്തിന്റെ കാര്യത്തിലാണ് ചില തർക്കങ്ങളുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ കമ്മിഷണർമാർക്ക് നൽകുന്ന അധികാരം, കേരളത്തിന് എത്രമാത്രം അനുയോജ്യമാവും എന്ന് പരിശോധിച്ചേ അന്തിമ തീരുമാനമെടുക്കൂ."


ലോക‌്നാഥ് ബെഹ്ര
പൊലീസ് മേധാവി

കമ്മിഷറേറ്ര് വന്നാൽ

200 ഗുണ്ടകൾ
സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള മൂന്നാമത്തെ ജില്ലയാണ് തിരുവനന്തപുരം. സിറ്റിയിൽ 266ഉം റൂറലിൽ 35ഉം പേർ ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പുതിയ ഗുണ്ടകളെക്കൂടി ഉൾപ്പെടുത്തി 200 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ കുഴപ്പക്കാരെ ഒതുക്കാനുള്ള പ്രത്യേക അധികാരങ്ങൾ കമ്മിഷണർക്ക് ലഭിക്കും. രണ്ട് ക്രിമിനൽകേസുകളിൽ കൂടുതൽ പ്രതികളായവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച്, കുഴപ്പക്കാർക്കെതിരേ ഗുണ്ടാവിരുദ്ധനിയമം (കാപ്പ) ചുമത്തി അകത്താക്കാൻ കളക്ടറുടെ അനുമതിയില്ലാതെ കമ്മിഷണർക്ക് കഴിയും. മജിസ്‌ട്രേട്ടിന്റെ എല്ലാ അധികാരങ്ങളും സിറ്റി പൊലീസ് കമ്മിഷണർക്കുണ്ടാകുമെന്നത് കുപ്രചാരണമാണെന്നും ക്രമസമാധാന പാലനത്തിന് ലോകത്തെവിടെയും പൊലീസിനുള്ള അധികാരങ്ങൾ മാത്രമാണ് ഇവിടെയും നൽകുന്നതെന്നും ഫയർഫോഴ്സ് മേധാവിയും ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ 'സിറ്റികൗമുദി'യോട് പറഞ്ഞു. അഴിമതിക്ക് സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ട അധികാരങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.