ശബരിമല : യുവതി പ്രവേശനം സൃഷ്ടിച്ച പ്രതിസന്ധി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറയെ മോശമായി ബാധിക്കുന്നു. ബോർഡിന്റെ നിലനില്പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയിൽ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ബോർഡിന്റെ സാമ്പത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതൽ ഇതുവരെ വരുമാനത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്.
1236 ക്ഷേത്രങ്ങളാണ് ബോർഡിന്റെ കീഴിലുള്ളത്. ഇതിൽ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്