delhi-air-pollution

ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വർദ്ധിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച വൈകിട്ട് തലസ്ഥാന നഗരിയാകെ പുകമൂടിയ അവസ്ഥയിലായിരുന്നു. പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ആഘോഷങ്ങൾ നിർത്താൻ ജനങ്ങൾ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വായു മലിനീകരണത്തിന്റെ തോത് വർദ്ധിച്ചത്.

ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര സൂചികയിൽ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു നഗരത്തിന്റെ അവസ്ഥ. എന്നാൽ ബുധനാഴ്ച രാത്രിയോടെ കാര്യങ്ങൾ മാറുകയായിരുന്നു. ഏഴുമണിക്ക് അന്തരീക്ഷ ഗുണനിലവാര സൂചിക 281 ലായിരുന്നു. എന്നാൽ 8 മണി ആകുമ്പോൾ ഇത് 291യായും 10 മണിയോടെ 296യായും വർദ്ധിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ് പോലെ തന്നെയായിരുന്നു ഡൽഹിയിലെ മലിനീകരണ തോത് വർദ്ധിച്ചത്. തലസ്ഥാനത്ത് പലയിടത്തും മലിനീകരണ തോത് വളരെ മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ദീപാവലിക്കും മറ്റ് ഉത്സവങ്ങൾക്കും രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമായിരുന്നു ആഘോഷങ്ങൾക്ക് സുപ്രീംകോടതി അനുവദിച്ച സമയം. എന്നാൽ ഇതിനെ മറികടന്ന് പലയിടങ്ങളിലും 10 മണിക്ക് ശേഷവും വെടിക്കെട്ട് നടന്നതായി റിപ്പോർട്ടുകളുണ്ട്.