ന്യൂഡൽഹി: രണ്ട് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 നവംബർ എട്ട്, ഇന്ത്യാക്കാർ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ചില പദപ്രയോഗങ്ങളും പുത്തൻ രീതികളും കണ്ട ദിവസം, രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപകളുടെ നോട്ടുകൾ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിവസം. രാജ്യത്തെ കള്ളപ്പണക്കാരെ കണ്ടെത്തുന്നതിനും വ്യാജകറൻസി, തീവ്രവാദം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നതെന്നാണ് മോദി തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞത്. എന്നാൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും. നോട്ട് നിരോധനം പ്രഖ്യാപിച്ചത് പോലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് മാപ്പ് പറയണമെന്നാണ് കോൺഗ്രസ് ആവശ്യം.
ദേശീയ പ്രക്ഷോഭം
14ആം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പരിഷ്‌ക്കാരങ്ങൾ പോലെയാണ് മോദിയുടെ നോട്ടുനിരോധനമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. കള്ളപ്പണം തുടച്ച് നീക്കുക, കള്ളനോട്ടുകൾ തടയുക, തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കുക എന്നീ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോദി നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാൽ രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിലൊന്ന് പോലും നേടാനായില്ലെന്നതാണ് സത്യമെന്നും അദ്ദേഹം ആരോപിച്ചു. മാത്രവുമല്ല 2016ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നോട്ടുകൾ ഇന്ന് വിനിമയത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും.
നീണ്ട ക്യൂ, ദുരിതം
അപ്രതീക്ഷിത നീക്കത്തിലൂടെ കറൻസികൾ അസാധുവാക്കിയപ്പോൾ ശരിക്കും കുടുങ്ങിയത് സാധാരണ ജനങ്ങളാണ്. രാജ്യത്ത് വൻ തോതിൽ കറൻസി ക്ഷാമം അനുഭവപ്പെട്ടു. പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചതോടെ എ.ടി.എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 115 പേർ വിവിധയിടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടതും രാജ്യത്തെ സാമ്പത്തിക നിലയെ അവതാളത്തിലാക്കി. ജി.ഡി.പി നിരക്കിലും കാര്യമായ കുറവുണ്ടായി. പിന്നീടാണ് 2000,500 രൂപയുടെ പുത്തൻ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. എന്നാൽ ഇവ എ.ടി.എം വഴി പിൻവലിക്കാൻ കഴിയാത്തത് വീണ്ടും തിരിച്ചടിയായി.
99% അസാധു നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
നോട്ടുനിരോധനത്തിന്റെ ഭാഗമായി കള്ളപ്പണമായി സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകൾ ആർ.ബി.ഐയിലേക്ക് തിരിച്ചെത്തില്ലെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ ആസാധുവാക്കിയ കറൻസിയിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ കണക്കുകൾ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി. ഇത് സംബന്ധിച്ച ആർ.ബി.ഐ കണക്കുകൾ ഇങ്ങനെ
2016 നവംബർ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 500, 100 രൂപയുടെ കറൻസി: 15.417 ലക്ഷം കോടി
ഇതിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി ( 99.3 ശതമാനം)
അതായത് തിരിച്ച് വരാത്തത് 10,720 കോടി രൂപ മാത്രം
മൂന്ന് ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നു
മികച്ച നേട്ടമുണ്ടാക്കിയെന്ന് കേന്ദ്രസർക്കാർ
അതേസമയം, നോട്ടുനിരോധനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയെന്ന് തന്നെയാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. നികുതി അടയ്‌ക്കാത്ത സമൂഹത്തിൽ നിന്നും നികുതി കൃത്യമായി അടയ്ക്കുന്ന സമൂഹത്തിലേക്ക് ഇന്ത്യാക്കാരെ മാറ്റാനായതാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി പറഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പ് 6.6 ശതമാനമായിരുന്ന നികുതി വരുമാനം ഇപ്പോൾ 9 ശതമാനമാണ്. ഏതാണ്ട് 15 മുതൽ 18 ശതമാനം വരെ വർദ്ധനവാണ് ഇതിൽ രേഖപ്പെടുത്തിയത്. വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം കരകയറിയെന്ന് ലോകബാങ്ക്
നോട്ട് നിരോധനവും ജി.എസ്.ടിയും ഏൽപ്പിച്ച താത്കാലിക ആഘാതത്തിൽ നിന്നും രാജ്യം കരകയറിയെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ രാജ്യത്തെ സാമ്പത്തിക രംഗം വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും തൊഴിൽ രംഗത്ത് ഇപ്പോഴും മുരടിപ്പാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ ആകുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്‌ക്കുന്നത് കൂടിയാണ് ലോകബാങ്ക് റിപ്പോർട്ട്.
ആർ.ബി.ഐ കട്ടക്കലിപ്പിൽ
അതിനിടെ ആർ.ബി.ഐയുടെ കൈവശമുണ്ടായിരുന്ന കരുതൽ ശേഖരത്തിൽ നിന്നും കേന്ദ്രം 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് പുതിയ വിവാദങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ആർ.ബി.ഐയുടെ സ്വയംഭരണ അവകാശത്തിൽ സർക്കാർ കൈകടത്തുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 19ന് ഉർജിത് പട്ടേൽ ആർ.ബി.ഐ ഗവർണർ സ്ഥാനം രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഉർജിത് പട്ടേൽ രാജിവച്ചാൽ, അത് നരേന്ദ്ര മോദി സർക്കാരിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകും. കേന്ദ്രസർക്കാരും കേന്ദ്രബാങ്കും തമ്മിലെ പോര്, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിന് തടസമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ, രാഷ്‌ട്രീയമായും ഉർജിതിന്റെ രാജി സർക്കാരിനെ വലയ്‌ക്കുമെന്നും സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നു.