തിരുവനന്തപുരം: രാജ്യം ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തവർ അത് നേരായ വിധം നിർവഹിക്കാതെ വരുമ്പോഴാണ് കോടതിക്ക് ഭരണത്തിൽ ഇടപെടേണ്ടി വരുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ 13ാമത് ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ. ജയകുമാറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം പ്രവർത്തനത്തിൽ സ്ഥിരമായി വീഴ്ച വരുത്തുമ്പോൾ പറഞ്ഞു തിരുത്തുകയും ശരിയായ ദിശ നൽകുകയും ചെയ്യേണ്ടത് കോടതിയുടെ ചുമതലയാണ്. രാജ്യത്ത് ഇപ്പോൾ അങ്ങനെയൊരു സ്ഥിതിയുണ്ട്. അതുകൊണ്ടാണ് കോടതിക്ക് ഭരണത്തിൽ ഇടപെടേണ്ടി വരുന്നത്. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കുര്യൻ ജോസഫ് പറഞ്ഞു.
ട്രസ്റ്റ് ചെയർമാൻ ടി.പി. ശ്രീനിവാസൻ അദ്ധ്യക്ഷനായിരുന്നു. നടി ഡോ. ശാരദ മുഖ്യപ്രഭാഷണവും ഡോ. ജോർജ് ഓണക്കൂർ അനുമോദന ഭാഷണവും നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായി. കെ. ജയകുമാർ മറുപടി പ്രഭാഷണം നടത്തി. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ടി. സതീഷ്‌കുമാർ സ്വാഗതവും ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി നന്ദിയും പറഞ്ഞു.