-neyyattinkara-murder

തിരുവനന്തപുരം: വാഹന പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ച് തള്ളിയ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ‌്‌ച സംഭവിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്നതിന് ശേഷമാണ് സനലിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായത്. താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്‌ക്കിടെ ആംബുലൻസ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി അവസാനിച്ചതിനാൽ മറ്റൊരാളെ കയറ്റാനാണ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അപകടം ഉണ്ടായ വിവരം നെയ്യാറ്റികര പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചത് പ്രതിയായ ഡിവൈ.എസ്.പി തന്നെയാണ്. അപകടസ്ഥലത്തേക്ക് നെയ്യാറ്റിൻകര എസ്.ഐയും ഒരു പാറാവുകാരനും എത്തുമ്പോൾ പരിക്കേറ്റ് സനൽ റോഡിൽ കിടക്കുകയാണ്. ജീവനുണ്ടായിരുന്ന സനൽ ഉദ്യോഗസ്ഥരോട് സംസാരിക്കുകയും തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അരമണിക്കൂറിന് ശേഷം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ പൊലീസ് സംഘം മെഡിക്കൽ കോളേജിലേക്ക് തിരിക്കുന്നതിന് പകരം പൊലീസ് സ്റ്റേഷനിലെത്തി മറ്റൊരു പൊലീസുകാരൻ കയറാൻ വേണ്ടി സമയം വൈകിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്‌ക്കിടെ പാപ്പനംകോട് ഭാഗത്ത് വച്ചാണ് സനൽ മരിക്കുന്നത്. ഒരുപക്ഷേ കൃത്യമായ സമയത്ത് സനലിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.