ആലപ്പുഴ: പ്രളയത്തിൽ വീടു നശിച്ചവർക്ക് ധനസഹായം ലഭിക്കാനായി സർക്കാർ നിർമ്മിച്ച റീബിൽഡ് കേരള ആപ്ലിക്കേഷൻ മുന്നറിയിപ്പില്ലാതെ പൂട്ടി. തകർന്ന വീടുകളുടെ വിവരങ്ങൾ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയിൽ മാത്രം 13,000 പേരുടെ വീടുകൾക്കാണ് ആപ്ലിക്കേഷൻ തുറക്കാനാകാത്തത്. പ്രളയം മുഖേന തകർന്ന വീടുകളുടെ വിവരങ്ങൾ ആപ്പ് മുഖേന ശേഖരിക്കാനായി സർക്കാർ വോളണ്ടിയർമാരെ പരിശീലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും വളണ്ടിയർമാർക്ക് എത്താനായില്ല. തകർന്ന വീടുകളുടെ കണക്കുകൾ സമർപ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.
എന്നാൽ പ്രളയാനന്തരം സഹായങ്ങൾ വേണ്ടവിധം ചെയുന്നുണ്ടെന്ന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ പറഞ്ഞു. വിവിധ സംഘടനകൾ നല്ല രീതിയിൽ സഹായം ചെയ്യുന്നുണ്ട്. മറ്റു പ്രശ്നങ്ങൾ സർക്കാർ യോഗം വിളിച്ച് പരിഹരിക്കും. ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളെ പറ്റി അറിയില്ല. ക്രൗഡ്ഫണ്ടിംഗിനായി വിദേശത്ത് നിന്ന് നല്ല സഹായം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടായിരം കോടിയിലധികം രൂപ എത്തിയത് വലിയ കാര്യമാണ്. അതിനാൽ പണം സമാഹരിക്കുന്നതിൽ തെറ്റു വന്നെന്ന് പറയാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വിവിധ ഉന്നതതല ഉദ്യോഗസ്ഥർ ആപ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആപ്പ് ഉപയോഗിക്കാനാകാത്തത് കാരണം വോളണ്ടിയർമാരും പ്രവർത്തനം നിറുത്തി. ആപ്പ് പ്രവർത്തനക്ഷമം ആയില്ലെങ്കിൽ പ്രളയബാധിതരുടെ അവസ്ഥ കൂടുതൽ കഷ്ടത്തിലാകും.