sanal-murder

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ യുവാവിനെ നടുറോഡിൽ മർദ്ദിച്ച് കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയും പുറത്ത് വരുന്നു. ക്രൂരമായി മർദ്ദിച്ച് റോഡിലേക്ക് ഓടുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടാണ് സനൽകുമാറിനെ ഡിവൈ.എസ്.പി ഹരികുമാർ കൊലപ്പെടുത്തിയത്. വാഹനം ഇടിച്ച് അരമണിക്കൂറിലേറെ സനൽകുമാർ റോഡിൽ കിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു. ഇവിടെ നിന്നും പൊലീസാണ് സനലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് സനലിനെ പൊലീസ് ആദ്യം കൊണ്ട് പോയത്. എന്നാൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് മനസിലാക്കിയ ഡോക്ടർ എത്രയും വേഗം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടത്.തുടർന്ന് ആശുപത്രിയിലേക്ക് ദേശീയപാത വഴി വേഗത്തിൽ പോകുന്നതിന് പകരം ആദ്യം പൊലീസ് സ്റ്റേഷനിലേക്കാണ് ആംബുലൻസ് വിട്ടത്. സ്റ്റേഷന് മുൻപിൽ ആംബുലൻസ് കുറച്ച് നേരം നിർത്തിയിട്ടിരുന്നു. ഈ കാര്യങ്ങൾ ശരിവച്ച് കൊണ്ട് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്. ഇവിടെ വച്ച് പൊലീസുകാർ മാറികയറുകയും ചെയ്തിരുന്നു. സനലിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുൻപ് സ്റ്റേഷനിൽ കൊണ്ട് പോയിരുന്നതായി നാട്ടുകാർ സംഭവ ദിവസം മുതൽ ആരോപിക്കുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി സമയം തീർന്നതിനാൽ മാറിക്കയറുന്നതിനായിട്ടാണ് സ്റ്റേഷന് മുൻപിൽ ആംബുലൻസ് നിർത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ജീവന്റെ വില മനസിലാക്കാതെയാണ് ഡ്യൂട്ടിസമയത്തിന് മുന്നിൽ പൊലീസ് ശുഷ്‌കാന്തി കാണിച്ചത്.