neyyattinkara-murder

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാർ രക്ഷപ്പെട്ടത് തന്റെ സർവീസ് റിവോൾവറുമായിട്ടാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞതോടെ തന്റെ സർവീസ് റിവോൾവറും എടുത്ത് ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് വിവരം. സർവീസ് റിവോൾവറുമായി കൊലക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് വൻ സുരക്ഷാ വീഴ്‌ചയാണെന്നും ഇത് അപകടം വരുത്തിവയ്‌ക്കുമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ റൂറൽ എസ്.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് ഇക്കാര്യം മാദ്ധ്യമങ്ങൾ അറിയരുതെന്ന് ഹരികുമാർ നിർദ്ദേശം നൽകി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ സംഭവദിവസം മെഡിക്കൽ കോളേജ് എസ്.ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നൽകാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സർക്കാർ തലത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.