അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയതും ഭരിക്കുന്ന പ്രസിഡന്റിന്റെ ഇടപെടൽ കൊണ്ട് ശ്രദ്ധേയവുമായ ഇടക്കാല തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. തിരഞ്ഞെടുപ്പിൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എട്ട് വർഷങ്ങൾക്ക് ശേഷം ഡെമോക്രാറ്റ്സ് തിരിച്ചു പിടിച്ചു. എന്നാൽ സെനറ്റിൽ റിപ്പബ്ളിക്കൻസ് തങ്ങളുടെ നില മെച്ചപ്പെടുത്തി ഭൂരിപക്ഷമായി തുടരുന്നു. ഗവർണർ തിരഞ്ഞെടുപ്പുകളിൽ ഏഴോളം സംസ്ഥാനങ്ങൾ ഡെമോക്രാറ്റ്സ് റിപ്പബ്ളിക്കൻസിൽ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്. മൊത്തം ജനകീയ വോട്ടിന്റെ ശതമാനത്തിൽ ഡെമോക്രാറ്ര്സിന് ഏഴ് ശതമാനത്തിന്റെ മുൻതൂക്കമുണ്ട്. രണ്ട് പാർട്ടികളും ഇത് തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെടുന്നു. ഒരു പരിധിവരെ ഇത് ശരിയുമാണ്. കാരണം സാധാരണ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഇതിൽ കൂടുതൽ നഷ്ടം പ്രസിഡന്റിന്റെ പാർട്ടിക്ക് സംഭവിക്കാറുള്ളതാണ്. ഒബാമ ഭരിച്ചിരുന്ന സമയത്താണ് കോൺഗ്രസിന്റെ രണ്ട് സഭകളും ഡെമോക്രാറ്ര്സിന് നഷ്ടപ്പെടുന്നത്. എന്നാലിപ്പോൾ റിപ്പബ്ളിക്കൻസ് സെനറ്റ് നിലനിറുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ഡെമോക്രാറ്റ്സിന് നേട്ടമായി ഇടക്കാല തിരഞ്ഞെടുപ്പിനെ വിലയിരുത്താം.
ഡെമോക്രാറ്റ്സുകളുടെ നേട്ടം പ്രധാനമായും വിവിധ വംശ-ദേശ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരപ്രദേശങ്ങളിലാണ്. കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാർ വലിയ തോതിൽ ട്രംപിനെതിരായി വോട്ട് ചെയ്തു. യാഥാസ്ഥിക ഗ്രാമപ്രദേശങ്ങൾ റിപ്പബ്ളിക്കൻസിന്റെ ശക്തികേന്ദ്രമായി തുടരുന്നു. മുതിർന്ന വെള്ളക്കാർ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തതായി കാണാം. ദീർഘകാലാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റ്സിന് ശുഭസൂചകമാണ്. കാരണം യുവതലമുറയെയും വിവിധ വംശദേശീയ വിഭാഗങ്ങളെയും കൂടെനിറുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ട്രംപ് ഇവിടൊക്കെ തന്നെയുണ്ട്
പൊതുവെ തിരഞ്ഞെടുപ്പ് ഫലം ട്രംപിന് എതിരാണെങ്കിലും റിപ്പബ്ളിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ കോട്ടയായി തുടരുന്നു. കഴിഞ്ഞ തവണ റിപ്പബ്ളിക്കൻസ് ഡെമോക്രാറ്റ്സുകളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത അത്രതന്നെ സീറ്റുകൾ ഇത്തവണ ഡെമോക്രാറ്റ്സിന് റിപ്പബ്ളിക്കൻസിന്റെ പക്കൽ നിന്ന് പിടിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ടെക്സാസ് , ഫ്ലോറിഡ തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ട്രംപിനൊപ്പം നിലകൊണ്ടു. ട്രംപിന്റെ കിറുക്കൻ നിലപാടുകളൊന്നും തന്നെ അദ്ദേഹത്തിന്റെ അടിസ്ഥാന പിന്തുണയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ല.
ട്രംപിന് മൂക്കുകയർ വീഴും
തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ ഏകാധിപത്യ പ്രവണതകൾക്ക് കടിഞ്ഞാണിടും. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഭൂരിപക്ഷം, സഭയുടെ പല അന്വേഷണ കമ്മിറ്റികളുടെയും നിയന്ത്രണം ഡെമോക്രാറ്റ്സിന് ലഭ്യമാക്കും. റഷ്യയുടെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഇടപെടൽ, ട്രംപിന്റെ കമ്പനിക്ക് റഷ്യയും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ, ട്രംപിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ തുടങ്ങിയവയിലെ അന്വേഷണ കമ്മിഷനുകൾ ഇനി മുതൽ ഡെമോക്രാറ്റ്സിന്റെ നിയന്ത്രണത്തിലായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി മൂക്കുകയറില്ലാതെ മുക്രയിട്ട് പാഞ്ഞ ട്രംപ് എന്ന കാളക്കൂറ്റനെ നിയന്ത്രിക്കാൻ ഡെമോക്രാറ്റ്സുകൾക്ക് ആയുധങ്ങൾ ആവോളമായി.
ഇംപീച്ച്മെന്റ് ഉണ്ടാവുമോ?
ട്രംപിനെതിരെ ഉയർന്നിട്ടുള്ള പല ആരോപണങ്ങളും അദ്ദേഹത്തെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ഉതകുന്ന തരത്തിൽ ഗൗരവമുള്ളതാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ഡെമോക്രാറ്റ്സുകൾ തുടങ്ങി വയ്ക്കുമോ എന്ന് സംശയിക്കുന്നവരേറെയുണ്ട്. എന്നാൽ ഇതിനുള്ള സാദ്ധ്യത വളരെ കുറവാണ്. ഒന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഭൂരിപക്ഷം കൊണ്ടുമാത്രം ഇത് സാദ്ധ്യമല്ല. രണ്ട് അമേരിക്കൻ ചരിത്രത്തിൽ ഇംപീച്ച്മെന്റുകൾ വിജയിച്ചിട്ടില്ല.
പുതിയ സ്പീക്കറായി പരിഗണിക്കപ്പെടുന്ന , ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡമോക്രാറ്ര് നേതാവ് നാൻസി പെലോസിയുടെ അഭിപ്രായത്തിൽ ഇംപീച്ച്മെന്റ് ഒരു പ്രഥമ ലക്ഷ്യമായി കാണുന്നില്ല. മറിച്ച് സുതാര്യവും ഫലപ്രദവുമായ ഭരണത്തിലായിരിക്കും ശ്രദ്ധിക്കുക. 2020 ൽ ഡെമോക്രാറ്റുകളുടെ പ്രസിഡന്റാകാൻ സാദ്ധ്യതയുള്ള ആളാണ് നാൻസി പെലോസി.
എല്ലാം സാമ്പത്തികമല്ല
സാധാരണഗതിയിൽ സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ അമേരിക്കക്കാർ ആ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാറുള്ളതാണ്. ട്രംപ് ഭരണത്തിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ ശക്തമായി മുന്നേറുകയാണ്. തൊഴിലില്ലായ്മ അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. എന്നാൽ ഈ മുൻതൂക്കം വോട്ടാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല. ട്രംപിന്റെ ജനസഞ്ചയ വിഭജന വിദ്വേഷ രാഷ്ട്രീയം ജനങ്ങൾക്ക് അത്ര പിടിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ.
വിഭജിത രാഷ്ട്രീയം
ഇനി മുതൽ അമേരിക്കൻ രാഷ്ട്രീയ തീരുമാനങ്ങൾ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്ക് വിധേയമായിരിക്കും. ഒബാമ കെയർ പിൻവലിക്കൽ, മെക്സിക്കൻ അതിർത്തി മതിൽ നിർമ്മാണം , കുടിയേറ്റ പൗരത്വ വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ അതിശക്തമായ രാഷ്ട്രീയ എതിർപ്പ് വിളിച്ചുവരുത്തും. ഇത് സൃഷ്ടിക്കുന്ന രാഷ്ട്രീയ അനൈക്യം ഗവൺമെന്റിന്റെ ശക്തമായ നടപടികളെയും കാര്യനിർവഹണത്തെയും സാരമായി ബാധിക്കും. അമേരിക്കയിൽ ഇനി പൊതുതാത്പര്യത്തെ പോലും ഹനിക്കുന്ന രാഷ്ട്രീയ വൈര്യത്തിന്റെ കാലമാണ്.
വിദേശനയം
ഇനി മുതൽ ട്രംപിന് ഏകപക്ഷീയ വിദേശയനയങ്ങളുമായി മുന്നോട്ടു പോകാൻ എളുപ്പമാകില്ല. കരാറുകൾക്കും മറ്റ് നടപടികൾക്കും കോൺഗ്രസിന്റെ അംഗീകാരം വേണമെന്നതാണ് പ്രശ്നം. ഡെമോക്രാറ്റ്സുകളുടെ നേതൃത്വത്തിൽ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം കൂടുതലായി വിമർശിക്കപ്പെടും. റഷ്യയുമായി കൂടുതൽ അടുക്കാമെന്ന ട്രംപിന്റെ മോഹം ഇനി പൂവണിയില്ല. അതുപോലെതന്നെ ഏകപക്ഷീയമായി അന്താരാഷ്ട്ര കരാറുകളിൽ നിന്ന് പിൻവാങ്ങുന്നതും എളുപ്പമാകില്ല.
ഇന്ത്യാ ബന്ധം
ബിസിനസ് താത്പര്യങ്ങൾക്ക് അപ്പുറത്ത് തന്ത്രപരമായ വലിയ പ്രാധാന്യമൊന്നും ട്രംപ് ഇന്ത്യയ്ക്ക് നൽകിയിട്ടില്ല. അതുകൊണ്ടാണ് ഗൗരവമേറിയ വ്യാപാര പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ഇന്ത്യയെ നികുതി രാജാവ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചതും ഏകപക്ഷീയമായി ചില ഇന്ത്യൻ ഇറക്കുമതികളിൽ നികുതി അടിച്ചേൽപ്പിച്ചതും. ഇനി അത്തരം ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാനുള്ള സാദ്ധ്യത കുറവാണ്. ട്രംപിനേറ്റ ഈ ചെറിയ തിരിച്ചടി ഇന്ത്യയ്ക്ക് ഗുണകരമാകാനാണ് സാദ്ധ്യത.
2020 കടുകട്ടി
2020 ലാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. ഉറപ്പായും ട്രംപ് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ആയിരിക്കും. ഡെമോക്രാറ്റ്സുകൾ വർദ്ധിത വീര്യത്തോടെ മത്സരരംഗത്തുണ്ടാകും. 2016 ൽ ട്രംപിനെ ജയിപ്പിച്ച ഘടകങ്ങൾ ഇളക്കമില്ലാതെ തുടരുന്നുവെങ്കിലും കാലിനടിയിലെ മണ്ണ് ചെറുതായി ഒലിച്ച് തുടങ്ങിയിട്ടുണ്ട്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടുകട്ടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ജനാധിപത്യം ശക്തം
ട്രംപിസത്തേക്കാൾ ശക്തമാണ് അമേരിക്കൻ ജനാധിപത്യം എന്ന ആശാവഹമായ സന്ദേശമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നൽകുന്നത്. അമേരിക്കൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ലിബറൽ ഇടതുപക്ഷ രാഷ്ട്രീയം ട്രംപിന്റെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ നേരിടാൻ ശക്തമാണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)