neyyattinkara-murder

തിരുവനന്തപുരം: നെയ്യാറ്രിൻകരയിൽ യുവാവിനെ നടുറോഡിൽ മർദ്ദിച്ച് കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാറിനെ രക്ഷിക്കാൻ പൊലീസ് ഒളിച്ചുകളിക്കുന്നു. സംഭവമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും കൊലപാതകക്കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതാണ് സംശയങ്ങൾ ബലപ്പെടുത്തുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ഡിവൈ.എസ്.പി അഭയം തേടിയ തലസ്ഥാനത്തെ പൊലീസ് സംഘടനാ നേതാവിന്റെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികളുടെയും സംരക്ഷണയിൽ ഹരികുമാർ തലസ്ഥാനത്തെ സുരക്ഷിത താവളത്തിൽ കഴിയുമ്പോഴാണ് ജനത്തിന്റെ കണ്ണിൽ മണ്ണിടാൻ പൊലീസ് അന്വേഷണത്തിന്റെ പേരിൽ കഥകൾ മെനയുന്നത്.

ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി അഭ്യൂഹമുണ്ടാക്കി മധുരയിലും മറ്റും തെരച്ചിലെന്ന് പറഞ്ഞ് പോയ പൊലീസ് സംഘം വെറുംകൈയോടെ ഇന്നലെ തിരിച്ചെത്തിയതോടെ പൊലീസ് അന്വേഷണത്തിന്റെ പൂച്ച് പുറത്തായി. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനൽ കുമാർ കൊല്ലപ്പെട്ട് മൂന്നുദിവസം പിന്നിടുമ്പോൾ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയതല്ലാതെ അന്വേഷണത്തിന്റെ ഒരു പടി പോലും കടക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവദിവസം തന്നെ ഹരികുമാറിനെ പിടികൂടാമായിരുന്നെങ്കിലും രക്ഷപ്പെടാൻ പഴുതൊരുക്കി കൂറുകാട്ടാനായിരുന്നു പൊലീസിന് താല്പര്യം.

മേലുദ്യോഗസ്ഥനായ എസ്.പിയോട് സംഭവം സൂചിപ്പിച്ച് താൻ തത്ക്കാലം ഇവിടെ നിന്ന് മാറുന്നുവെന്ന് പറഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഹരികുമാറിനെ നെയ്യാറ്റിൻകരയ്ക്ക് പുറത്തും കടക്കും മുമ്പ് കുടുക്കാൻ എസ്.പിയോ മേലുദ്യോഗസ്ഥരോ യാതൊന്നും ചെയ്തില്ല. അതിനുശേഷം കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, നെടുമങ്ങാട് എ.എസ്.പി എന്നിവർക്ക് കൈമാറി. നെടുമങ്ങാട് എ.എസ്.പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി അത് സംബന്ധമായ തെളിവുകളും രേഖകളും തൊണ്ടികളും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുകയെന്ന പ്രാഥമിക നടപടികൾ മാത്രമാണ് കൊലപാതകക്കേസ് അന്വേഷണത്തിൽ നിർണായകമായ 72 മണിക്കൂറുകൾ പിന്നിടുമ്പോൾ പൂർത്തിയായത്. സംഭവത്തിൽ ദൃക്സാക്ഷികളായവരുടെ മൊഴി രേഖപ്പെടുത്താനും സ്ഥലത്ത് എല്ലാത്തിനും മൂകസാക്ഷിയായുണ്ടായിരുന്ന സിസി ടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കാനും തെളിവെടുക്കാനുമുള്ള ജോലികളെല്ലാം അവശേഷിക്കെയാണ് കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ ഉത്തരവുണ്ടായത്.

ഇതോടെ കേസ് ഫയലുകൾ എ.എസ്.പി ഇന്ന് റൂറൽ എസ്.പി അശോക് കുമാർ മുഖേന ക്രൈംബ്രാഞ്ച് എ.ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന് കൈമാറും. സംഭവത്തിൽ ഒളിവിൽ കഴിയുന്ന ഡിവൈ.എസ്.പിയ്ക്കെതിരെ വിമാനത്താവളത്തിലും സീ പോർട്ടുകളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പൊലീസ് പാസ്‌പോർട്ട് കണ്ടുകെട്ടാനോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനോ യാതൊന്നും ചെയ്തിട്ടില്ല.

ഹരികുമാറിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സുഹൃത്ത് ബിനുവിനെ കണ്ടെത്താനോ ഇയാൾക്ക് നഗരത്തിൽ അഭയമൊരുക്കിയ സംഘടനാ നേതാവിനെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. തലസ്ഥാനത്തെ പ്രമുഖ ഭരണകക്ഷി നേതാവിന്റെ സംരക്ഷണയിലാണ് ഹരികുമാറെന്നാണ് സൂചന.സനൽകുമാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയശേഷം കീഴടങ്ങിയാൽ മതിയെന്ന ചില നിയമ വിദഗ്ദ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാർ പൊലീസിന് പിടികൊടുക്കാനോ കീഴടങ്ങാനോ തയ്യാറാകാതെ കഴിയുന്നതെന്നും പറയപ്പെടുന്നു.

ഹരികുമാറിന്റെ ബന്ധുക്കളായ പലരെയും പൊലീസ് നേരിൽ കണ്ട് സംരക്ഷിക്കാൻ തയ്യാറാകരുതെന്നും കീഴടങ്ങാൻ നിർബന്ധിക്കണമെന്നും അഭ്യർത്ഥിച്ചതായ വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇവരുടെയോ ഹരികുമാറിന്റെ ഉറ്ര സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ മൊബൈൽഫോണുകൾ നിരീക്ഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇത്തരത്തിൽ സംഭവത്തിന്റെ തുടക്കം മുതൽ ഹരികുമാറിനെ പിടികൂടുന്നതിൽ ബോധപൂർവം വരുത്തിയ പിഴവുകളാണ് പൊലീസിനെ സംശയനിഴലിലാക്കുന്നത്.