തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലക്കേസിൽപ്പെട്ട ഡിവൈ.എസ്.പി ഹരികുമാറിനെ, നെയ്യാറ്റിൻകരയിൽ നിന്ന് മാറ്റണമെന്ന് മൂന്നുവട്ടം ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഹരികുമാറിന്റെ പ്രവൃത്തികൾക്കെതിരെ ഇന്റലിജൻസ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുമാണു റിപ്പോർട്ട് നൽകിയത്. 2017 ജൂൺ 22നായിരുന്നു ആദ്യ റിപ്പോർട്ട്. നെയ്യാറ്റിൻകരയിൽ എസ്.ഐ ആയിരുന്നകാലം മുതൽ കൊടങ്ങാവിളയിലെ സ്വർണവ്യാപാരിയായ ബിനുവിന്റെ വീട്ടിൽ ഹരികുമാർ നിത്യസന്ദർശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ടന്നുള്ളതായിരുന്നു റിപ്പോർട്ട്.
പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥലത്ത് അക്രമമുണ്ടാകുമെന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. പരാതികൾ വ്യാപകമായതോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ട് ഇന്റലിജൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25ന് ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നുമായിരുന്നു. ഏഴുമാസമായിട്ടും നടപടിയെടുത്തില്ല.