vasundhara-das

ബംഗളൂരു: നടിമാരെ കാണുമ്പോൾ അശ്ലീചേഷ്ടകൾ കാണിക്കുന്നവരും തെറിവിളിക്കുന്നവരും ഒക്കെ ധാരാളമുണ്ട്. ഒടുവിൽ അത്തരത്തിലൊരു ആക്രമണത്തിന് ഇരയായാരിക്കുന്നത് തെന്നിന്ത്യൻ നടി വസുന്ധരദാസാണ്. വസുന്ധരയെ ട്രാഫിക്കിൽവച്ച് തെറിവിളിച്ച കാബ് ഡ്രൈവറെ പൊക്കാൻ ഉറച്ച് നാലുപാടും പരതുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ദിവസം ബംഗളൂരുവിലെ മല്ലേശ്വരത്ത് ഭാഷ്യം സർക്കിളിൽ ഗ്രീൻ സിഗ്നൽ കാത്തു കിടക്കുകയായിരുന്നു വസുന്ധരാ ദാസിന്റെ കാർ. ഇവരുടെ ഇടതു വശത്തായി മറ്റൊരു കാറും സിഗ്നൽ തെളിയാൻ കാത്തുകിടന്നിരുന്നു. വസുന്ധരയ്ക്കു നേരെയായിരുന്നു പോകേണ്ടിയിരുന്നത്. സമീപമുണ്ടായിരുന്നു കാർ ഡ്രൈവർക്കു വലതു വശത്തേക്കും. പച്ച തെളിഞ്ഞപ്പോൾ വസുന്ധര കാർ മുന്നോട്ടെടുത്തു. സമീപത്തെ കാറിനു വലതു വശത്തേക്കു തിരിയാനായില്ല. ഇതോടെ ക്ഷുഭിതനായ അയാൾ തന്നെ കിലോമീറ്ററുകളോളം പിന്തുടർന്ന് അസഭ്യം പറഞ്ഞെന്നാണ് വസുന്ധരയുടെ പരാതി.

മല്ലേശ്വരം 18 ക്രോസ് റോഡിലെത്തിയപ്പോൾ ചുവപ്പ് സിഗ്നൽ കണ്ടതിനെത്തുടർന്ന് ഇരു കാറുകളും നിർത്തി. ക്യാബ് ഡ്രൈവർ കാറിൽ നിന്നിറങ്ങി തനിക്കെതിരെ കേട്ടാലറക്കുന്ന വാക്കുകൾ പ്രയോഗിക്കുകയും ലൈംഗിക ചുവയുള്ള ഭാഷകൾ ഉപയോഗിക്കുകയും ചെയ്‌തെന്നു വസുന്ധര പറഞ്ഞു. പച്ച സിഗ്നൽ തെളിഞ്ഞതോടെ താൻ കാർ മുന്നോട്ടെടുത്തു. എന്നാൽ വിടാൻ ഭാവമില്ലാതെ അയാൾ വീണ്ടും പിന്തുടർന്നു. 13 ക്രോസ് റോഡ് വരെ അയാൾ പിന്നാലെ വന്നു. വസുന്ധര പറയുന്നു. ഇയാൾ ഒളിവിലാണെന്നാണ് വിവരം.