സ്പാനർ മൂസ, മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ അടുത്ത് മടങ്ങിയെത്തി.
കാത്തിരിക്കുകയായിരുന്നു രാജസേനനും മകൻ രാഹുലും.
''എന്തായി മൂസേ?'' രാഹുൽ ആകാംക്ഷയോടെ തിരക്കി.
''ഭും.''
ഒരാംഗ്യം കാണിച്ചുകൊണ്ട് മൂസ ചിരിച്ചു.
രാജസേനന്റെ കടപ്പല്ലമർന്നു.
ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തല പൊക്കും എന്നു പറയുന്നത് എത്ര ശരിയാ? അവന്റെ അമ്മേടെ ശവത്തിനു പകരം അവന് ഒരു കോടി രൂപ വേണം പോലും! അത്രയും കോമ്പൻസേഷൻ വാങ്ങാൻ അമ്മിണിയെന്താ കളക്ടർ ആയിരുന്നോ?''
മൂസ തലയനക്കി.
പെട്ടെന്നു രാജസേനൻ ചോദിച്ചു:
''മൂസേ... അരുണാചലത്തിന്റെ കാര്യം?''
''നാളെ രാത്രിക്ക് അപ്പുറം പോകില്ല.''
രാജസേനനും മകനും സന്തോഷമായി.
തങ്ങളുടെ ശത്രുക്കളും തങ്ങളോട് വിലപേശാൻ സാദ്ധ്യതയുള്ളവരും ഓരോരുത്തരായി അങ്ങേ ലോകത്തേക്കു പാഴ്സൽ ചെയ്യപ്പെടുകയാണ്.
സ്പാനർ മൂസ യാത്ര പറഞ്ഞു പോയി.
ആ സമയത്ത് പിങ്ക് പോലീസ് എസ്.ഐ വിജയയും 'റെഡ്' വാട്സ് ആപ്പ് ഗ്രൂപ്പിലെ ശേഷിക്കുന്ന അഞ്ചുപേരും ഒരിടത്ത് രഹസ്യ ചർച്ചയിലായിരുന്നു.
''എന്റെ സത്യന്റെ പ്രാണനെടുത്തിട്ട് ഒരുത്തനും അങ്ങനെ നേതാവാകണ്ടാ.''
വിജയയുടെ പല്ലുകൾക്കിടയിൽ വാക്കുകൾ ഞെരിഞ്ഞു:
''അവനെ നമുക്കു വേണം. മുഖ്യമന്ത്രിയുടെ ജാര സന്തതിയെ.''
''സകല ഫോൺ കാളുകളും ഞാൻ പരിശോധിക്കുന്നുണ്ട്. ആരാണ് ആ ചെറുക്കനെന്ന് എത്രയും വേഗം നമ്മൾ കണ്ടെത്തിയിരിക്കും.
സൈബർ സെൽ എസ്.ഐ ബിന്ദുലാൽ ഉറപ്പു നൽകി.
ആർജവും ഉദേഷ്‌കുമാറും അവർക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ എന്തോ പറഞ്ഞുകൊണ്ടിരുന്നു.
അവർക്കു മുന്നിലൂടെ പമ്പാനദി ശാന്തമായി ഒഴുകി. ഏതാനും മാസം മുൻപ് ഭ്രാന്തുപിടിച്ച് കരകവിഞ്ഞ് അനേകം പേരുടെ പ്രാണനെടുത്ത നദിയാണെന്നു തോന്നുകയേ ഇല്ല.
''നിങ്ങളെന്താ ഞങ്ങൾ കേൾക്കാൻ പാടില്ലാത്തതു വല്ലതുമാണോ സംസാരിക്കുന്നത്?''
എസ്.ഐ ബഞ്ചമിൻ, ആർജവിനെയും ഉദേഷിനെയും നോക്കി.
''അതല്ല. നമുക്കു മുമ്പേ ഒരുപക്ഷേ ആ കൽക്കി അവനെ തേടിച്ചെല്ലാനുള്ള സാദ്ധ്യത ഉണ്ടെന്നു പറയുകയായിരുന്നു. ''
മറുപടി നൽകിയത് ആർജവാണ്.
അതു ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
തങ്ങൾക്കു മുന്നിലാണ് കൽക്കി. ലക്ഷ്യം ഒന്നുതന്നെ !
പക്ഷേ ആരാണയാൾ?
ഉത്തരം കിട്ടാത്ത ചോദ്യം.
പെട്ടെന്ന് വിജയയുടെ സൈലന്റ് മോഡിൽ കിടന്നിരുന്ന സെൽഫോണിൽ നീല വെളിച്ചം മിന്നി.
അവൾ അതെടുത്തു നോക്കി.
അച്ഛനാണ്!
''ആരും മിണ്ടല്ലേ...''
പറഞ്ഞിട്ട് അവൾ ഫോൺ കാതിൽ അമർത്തി.
''ഹലോ അച്ഛാ..''
''നീ എവിടാ മോളേ?'' വാസുദേവന്റെ ശബ്ദം.
''കോഴഞ്ചേരിയിലുണ്ട്.''
''കരടി വാസുവിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം ഉണ്ടായത് അറിഞ്ഞല്ലോ. അല്ലേ?''
''ഇല്ലച്ഛാ....'' വിജയയുടെ നെറ്റി ചുളിഞ്ഞു. ''എപ്പഴാ സംഭവം?''
''കഷ്ടിച്ച് ഒരു മണിക്കൂറായി കാണും. വാസുവും വീടിനൊപ്പം എരിഞ്ഞു തീർന്നു. ഞാനിപ്പോൾ വിളിച്ചത് മറ്റൊരു കാര്യം പറയാനാ. സ്പാനർ മൂസ എന്നൊരു നൊട്ടോറിയൽ ക്രിമിനൽ രംഗത്തുണ്ട്. സ്‌ഫോടനത്തിനു തൊട്ടു മുൻപ് അവൻ വാസുവിന്റെ വീട്ടിൽ വന്നിരുന്നു.''
വിജയ അത്ഭുതപ്പെട്ടു.
''അച്ഛൻ ഇത് എങ്ങനെയറിഞ്ഞു?''
''ചെറുതാണെങ്കിലും ഒരു പത്രമില്ലേ എനിക്ക്. വാസു ഹോസ്പിറ്റലിൽ വിട്ടപ്പോഴേ എനിക്കറിയാമായിരുന്നു എന്തെങ്കിലും സംഭവം ഉണ്ടാവുമെന്ന്. അതിനാൽ അവന്റെ വീടിനടുത്തള്ള ഒരാളെ ഞാൻ ചില കാര്യങ്ങൾ ഏൽപ്പിച്ചിരുന്നു. സ്പാനറിന്റെ ദൗത്യങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ലല്ലോ. അതുകൊണ്ടാ നിന്നെ വിളിച്ചു വിവരം പറഞ്ഞത്.''
വാസുദേവൻ കാൾ മുറിച്ചു.
അച്ഛന് എന്തോ ഉൾഭയം ഉള്ളതുപോലെ അവൾക്കു തോന്നി.
മറ്റുള്ളവരോടും അവൾ മൂസയെക്കുറിച്ചു പറഞ്ഞു...
ആ സമയം.
എസ്.പി ഓഫീസിൽ നിന്ന് ഇറങ്ങുകയായിരുന്നു അരുണാചലം. ഡ്രൈവറെ ഒഴിവാക്കിയിട്ടാണ് പതിവായി താമസ സ്ഥലത്തേക്കു പോകുക.
ഇന്നും അങ്ങനെ തന്നെ. എസ്.പിയുടെ കാർ റോഡിലെത്തി ഇടത്തേക്കു തിരിഞ്ഞ് 'റിങ് റോഡി'ൽ പ്രവേശിച്ചു. പെട്ടെന്ന് അതിന്റെ പിന്നിൽ ഒരു സുമോ വാന്റെ മുഖം തെളിഞ്ഞു. (തുടരും)