ലക്‌നൗ: ദീപാവലി ആഘോഷത്തെ തുടർന്ന് മൂന്ന് വയസ്സുകാരിയുടെ വായിൽ പടക്കം തിരുകി പൊട്ടിച്ച അയൽവാസിയായ യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ മീററ്റിലുള്ള മിലാക് എന്ന ഗ്രാമത്തിലാണ് സംഭവം. ഹർപാൽ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് ശശികുമാറിന്റെ പരാതിയെ തുടർന്നാണ് അയൽവാസിയായ യുവാവിനെതിരെ കേസെടുത്തത്. വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഹർപാൽ കൂട്ടിക്കൊണ്ട് പോകുകയും വായിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സഥിതിഗതികൾ വഷളായതിനെ തുടർന്ന് പ്രതി ഒളിവിലാണ്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ വായിൽ 50ഓളം സ്റ്റിച്ചുകളുണ്ടെന്നും തൊണ്ടയിൽ അണുബാധയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തൊണ്ടയിൽ കാര്യമായ പരിക്കേറ്റതാണ് കുട്ടിയുടെ നില ഗുരുതരമാകാൻ കാരണമെന്ന് ഡോക്ടർ വ്യക്തമാക്കി. ഒളിവിലായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.