തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഓഖി ദുരിതബാധിതർക്ക് രണ്ട് കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരിതത്തിൽ വീട് തകർന്ന 458 കുടുംബങ്ങൾക്കാണ് 2.042 കോടി രൂപയുടെ പാക്കേജെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരിതത്തിൽ പെട്ട ഓരോ കുടുംബത്തിന്റെയും നാശ നഷ്ടം വിലയിരുത്തി 15,000 രൂപ മുതൽ 50,000 രൂപ വരെ ധനസഹായം നൽകും. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയവരാകും ഇതിന്റെ ഗുണഭോക്താക്കൾ.
ഓഖി ദുരിതത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്ത മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ചെലവുകൾ എറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഇങ്ങനെയുള്ള 318 കുട്ടികൾക്കായി 13.92 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.