കൊച്ചി: ശബരിമല യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിയ്‌ക്കെതിരാണെന്ന് ഹൈക്കോടതി. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ശബരിമലയിൽ നടന്ന അക്രമങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്‌തു. അക്രമത്തിൽ പങ്കെടുത്തില്ലെന്നും നാമജപ പ്രാർത്ഥനയിൽ മാത്രമേ ഭാഗമായിട്ടുള്ളൂ എന്നുമുള്ള ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സമരം നടത്തിയത്. പ്രതി അക്രമത്തിൽ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളുമുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അക്രമം നടന്ന പ്രദേശങ്ങളിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.