nss-office-attacked

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി എൻ.എസ്.എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നിൽ ആർ.എസ്.എസ് ക്രിമിനലുകളാണെന്ന് മന്ത്രി ഇ.പി.ജയരാജൻ ആരോപിച്ചു. കുറച്ച് ദിവസങ്ങളായി നാടിന്റെ ഐക്യം തകർക്കുവാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. എൻ.എസ്.എസ് കരയോഗങ്ങൾ ആക്രമിക്കുകയും ഇതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വ്യക്തിപരമായി അവഹേളിക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ ആക്രമണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് ജനങ്ങളും എൻ.എസ്.എസും മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മന്ത്രിയടെ പ്രസ്‌താവനയെ പിന്തുണച്ച് രംഗത്തെത്തിയ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ബാലകൃഷ്‌ണപ്പിള്ള രംഗത്തെത്തി. എൻ.എസ്.എസ് കേന്ദ്രങ്ങൾ ആക്രമിച്ചത് ആർ.എസ്.എസുകാരാണെന്ന് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന് വ്യക്തമായ വിവരം ലഭിച്ചത് കൊണ്ടാകാമെന്ന് പിള്ള പറഞ്ഞു. അതേസമയം, ശബരിമലയിലെ പരമ്പരാഗതമായ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയാണ്. അതിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചുംബന സമരം നടത്താൻ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നത് പോലെയുള്ള വിഡ്ഢിത്തമാണ് ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.