jim-acosta-expelled

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിനിടെ സി.എൻ.എൻ റിപ്പോർട്ടർ ജിം അകോസ്റ്രയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് പുറത്താക്കൽ. ജിം അകോസ്റ്റയുടെ വൈറ്റ് ഹൗസ് പ്രസ്സ് പാസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതേ റിപ്പോർട്ടറുമായി മുൻപ് ഉടക്കിയ ചരിത്രം ട്രംപിനുണ്ട്. മൈക്ക് കൈമാറാൻ നിരവധി തവണ ട്രംപ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ജിം അകോസ്റ്റ മര്യാദയില്ലാത്ത മോശം വ്യക്തിയാണെന്ന് പത്ര സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരെ പറ്റിയുള്ള റിപ്പോർട്ടറുടെ ചോദ്യം ട്രംപ് ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിടാതെ കൂടിയ അകോസ്റ്റയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ വൈറ്റ് ഹൗസ് ജീവനക്കാരി ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈ വച്ചു എന്ന് പറഞ്ഞു പുറത്താക്കുകയായിരുന്നു.

എന്നാൽ ട്രംപ് പറയുന്നത് കള്ളമാണെന്ന് അകോസ്റ്റ ട്വിറ്ററിലൂടെ പ്രതികരിച്ചു. പത്ര സമ്മേളനത്തിൽ ഉണ്ടായിരുന്നവരെല്ലാം ഇതിന് സാക്ഷിയാണെന്നും അയാൾ പറഞ്ഞു. ജിം അകോസ്റ്റയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.