pak-banks-hacked

ഇസ്‌ലമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ബാങ്കുകളിൽ നടന്ന വൻ സൈബർ ആക്രമണത്തിൽ ഏതാണ്ടെല്ലാ പാക് പൗരന്മാരുടെയും സ്വകാര്യ വിവരങ്ങൾ അടക്കം നഷ്‌ടപ്പെട്ടതായി വിവരം. പാകിസ്ഥാനി മാദ്ധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ എല്ലാ ബാങ്കുകളിൽ നിന്നും സുപ്രധാന വിവരങ്ങൾ ചോർന്നതായി പാക് ഫെഡറൽ ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ ഡയറക്‌ടർ ക്യാപ്‌ടൻ മൊഹമ്മദ് ഷുഹൈബും സമ്മതിച്ചിട്ടുണ്ട്. അതേസമയം, അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മലയാളികൾ അടക്കമുള്ള ഹാക്കർമാരുടെ സംഘം നടത്തിയ പ്രതികാരമാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെ ആക്രമണം ബാധിച്ചതായി ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. പാകിസ്ഥാന് പുറത്തുള്ള ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. നിരവധി അക്കൗണ്ടുകളിൽ നിന്നും ഹാക്കർമാർ പണം മോഷ്‌ടിക്കുകയും ചെയ്‌തു. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മൊഹമ്മദ് ഷുഹൈബ് വ്യക്തമാക്കി. എന്നാൽ ജനങ്ങളുടെ പണം സൂക്ഷിക്കുന്നവർ എന്ന നിലയിൽ പണം നഷ്‌ടമായതിന് ബാങ്കുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ശത്രുരാജ്യത്തിൽ നിന്നുള്ള ആക്രമണമാണെന്ന് പാകിസ്ഥാൻ കുറ്റപ്പെടുത്തുമ്പോഴും എവിടെ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് കണ്ടെത്താൻ പാക് അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ നൂറോളം കേസുകളിൽ അന്വേഷണം നടക്കുകയാണ്. നിരവധി സംഘങ്ങളെ ഇതിനോടകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചില ബാങ്കുകളോട് താത്കാലികമായി ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങൾ നിറുത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.