കാസർഗോഡ്: പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറിയതിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് ആചാര ലംഘനം സംഭവിച്ചെങ്കിൽ അദ്ദേഹത്തെ 41 ദിവസം ശബരിമലയിൽ ഭജനമിരുത്താൻ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടന സദസിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. തന്ത്രി കൽപ്പിക്കുന്ന പ്രായശ്ചിത്തം ചെയ്‌താൽ തീരാവുന്ന കുറ്റമേ വത്സൻ തില്ലങ്കേരി ചെയ്‌തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ചിത്തിര ആട്ടവിശേഷത്തിനായി തീർത്ഥാടകർ ശബരിമലയിലെത്തിയപ്പോൾ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം സർക്കാർ തടഞ്ഞു. ഭക്തരെ പ്രകോപിപ്പിക്കാനാണ് സർക്കാർ ഇത് ചെയ്‌തത്. നടപ്പന്തലിൽ വിരി വയ്‌ക്കാൻ പോലും അനുവദിച്ചില്ല. എന്നാൽ പിണറായി വിജയൻ മനസിൽ കാണുന്നത് മാനത്ത് കാണുന്നവരാണ് സംഘപരിവാറുകാർ. പിണറായി ശബരിമലയിൽ നടപ്പിലാക്കിയ 144 'ത്രീജി'യായിപ്പോയി. 52 കാരിയായ സ്ത്രീയെ തടയാൻ പ്രകോപനം ഉണ്ടാക്കിയത് തൃശൂർ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ പിടിയിലായ വികലാംഗനായ സൂരജ് നിരപരാധിയാണ്. ഇയാൾ അക്രമം നടത്തിയ ദൃശ്യങ്ങൾ പുറത്തുവിടാൻ ഇരട്ടച്ചങ്കനെ താൻ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഭക്തൻ ആചാര ലംഘനം നടത്തിയാൽ അതിന് പ്രായശ്ചിത്വം ചെയ്‌താൽ പരിഹാരമാകും. അതേസമയം, ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്‌ത ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് ചെയ്‌തത് പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങൾ കോടതിയെ സമീപിച്ചാൽ ശങ്കർദാസ് കുടുങ്ങും. ശങ്കർദാസിനെക്കൊണ്ട് മൂക്ക്കൊണ്ട് 'ക്ഷ' വരപ്പിക്കാൻ തങ്ങൾക്ക് കഴിയും. ആർ.എസ്.എസിനെ ഒരു വിഭാഗത്ത് നിറുത്തി മതന്യൂനപക്ഷങ്ങളെ ഏകീകരിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. ശബരിമല വിഷയത്തിൽ കളിച്ചാൽ പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.