കൊച്ചി: നടൻ ദിലീപിന് ഇനി ജർമ്മനിയിലേക്ക് പോകാം. ദിലീപിന്റെ പാസ്പോർട്ട് തിരികെ നൽകാൻ അനുമതി നൽകിക്കൊണ്ട് എറണാകുളം പ്രിൽസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വർക്ക് വിസ ലഭിക്കണമെങ്കിൽ പാസ്പോർട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാൻ ക്വൊട്ടേഷൻ നൽകിയ കേസിൽ പ്രതിയായ ദിലീപിന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ ജനുവരി 30 വരെയുള്ള കാലയളവിൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ പോകാനാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ടത്.കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്ക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ചിത്രീകണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം യാത്രകൾ സാക്ഷികളെ സ്വാധീനിക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും പ്രോസിക്ക്യൂഷൻ വ്യക്തമാക്കി. എന്നാൽ വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അവസാനമായി പുറത്തിറങ്ങിയത് കമ്മാര സംഭവമായിരുന്നു.