ഉലകനായകൻ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിന് പേരിട്ടു. കഡാരം കൊണ്ടാൻ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വിക്രത്തിന്റെ അടാറ് ലുക്കിൽ കണ്ണുടക്കി ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.
രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമൽ ഫിലിം ഇന്റർനാഷണലാണ് നിർമ്മിക്കുന്നത്. കൈയിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന വിക്രമിനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അന്ധനായ ഒരാളുടെ വീട്ടിൽ എത്തിപ്പെടുന്ന കൊള്ളസംഘവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഡോണ്ട് ബ്രീത്ത്. ഏറെ നിരൂപക പ്രശംസനേടിയ ചിത്രം മികച്ച ഹൊറർ ത്രില്ലറാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. അക്ഷരാ ഹാസനാണ് ചിത്രത്തിലെ നായിക പൂജാ കുമാർ, അബി ഹാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.