aamir-

റീനയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ ഖാൻ സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്. ആ തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയാണെന്ന് പറയുകയാണ് ആമിർ. കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെ കുറിച്ചും ആമിർ സംസാരിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു തുറന്നുപറച്ചിൽ.

'16 വർഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേർപിരിയാൻ എടുത്ത തീരുമാനം ഞങ്ങൾക്കും ഞങ്ങളെ ചുറ്റിയുള്ളവർക്കും ഒരുപാട് വിഷമം നൽകുന്നതായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയിട്ടും ഉള്ളിലെ സൗഹൃദം നിലനിറുത്താൻ ഇരുവർക്കും കഴിഞ്ഞത് വളരെ പോസിറ്റീവായാണ് ഞാൻ കാണുന്നത്. റീനയോടുളള ബഹുമാനം കുറഞ്ഞെന്നോ അവളോടുളള സ്‌നേഹം നഷ്ടപ്പെട്ടുവെന്നോ ഒരിക്കലും തോന്നിയിട്ടില്ല. അവൾ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. 16 വർഷം അവൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം എന്നിലെ വ്യക്തിത്വത്തെ വളരാൻ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നിട്ടും ഞാൻ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നൽകി'യെന്നും ആമിർ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ആമിർ പരിപാടിയിൽ എത്തിയത്.

1986 ലായിരുന്നു ആമിർഖാനും റീനയുമായുളള വിവാഹം. ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2002 ൽ ഇരുവരും വിവാഹമോചിതരായി. 2005ൽ കിരൺ റാവുവിനെ വിവാഹം ചെയ്തു. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകൻ.