നൃത്തത്തിലൂടെ സിനിമയിലെത്തി ചുവടുറപ്പിച്ച നടിമാർ മലയാള സിനിമയിൽ കുറവല്ല. ഇക്കൂട്ടത്തിലെ ഇളമുറക്കാരിയാണ് തനുജാ കാർത്തിക്. തന്റെ അഞ്ചാമത്തെ ചിത്രം പൂർത്തിയാക്കി മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചുവടുവച്ചിരിക്കുകയാണ് ഈ മാന്നാർ സ്വദേശിനി. പുതിയ ചിത്രമായ വള്ളിക്കുടിലിലെ വെള്ളക്കാരന്റെ വിശേഷങ്ങളും ഇഷ്ടങ്ങളും ഒക്കെയായി ഒരിത്തിരി നേരം തനുജ ഫ്ളാഷിനോട് കൂട്ടുകൂടിയപ്പോൾ.
താരമാകുമെന്ന് കരുതിയില്ല
ഒരു വർഷം മുൻപു വരെ മറ്റെല്ലാവരെയും പോലെ ഒരിഷ്ടം മാത്രമായിരുന്നു സിനിമയോട്. പക്ഷേ എന്റെ രണ്ടാമത്തെ ചിത്രമായ മെല്ലെയിൽ അഭിനയിക്കാനുള്ള അവസരം വന്നതോടെ സിനിമയാണ് എന്റെ മേഖലയെന്ന് ഉറപ്പിക്കുകയായിരുന്നു. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ദുബായിലായിരുന്നു. ഞാൻ അവതരിപ്പിച്ച നൃത്തബാലെ കണ്ട് ഇഷ്ടപ്പെട്ടാണ് പത്മേന്ദ്ര പ്രസാദ് സാർ എന്നെ ആദ്യ ചിത്രമായ ഇവിടെ ഈ നഗരത്തിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. അന്ന് ഓഡിഷൻ നടന്നത് ദുബായിൽ തന്നെ ആയിരുന്നു. അവിടെ ചെന്നപ്പോഴോ ഒഡിഷന് നേതൃത്വം നൽകാൻ എത്തിയിരിക്കുന്നത് സാക്ഷാൽ ഐ.വി ശശി സാർ. എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആദ്യ സിനിമയായ ഇവിടെ ഈ നഗരത്തിലേക്ക് അവസരം ലഭിച്ചത്. ചിത്രം രണ്ടു മാസത്തിനുള്ളിൽ റിലീസ് ചെയ്യും. തുടർന്ന് മെല്ലെ, പോക്കിരി സൈമൺ, കല വിപ്ലവം പ്രണയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ വള്ളിക്കുടിലിലെ വെള്ളക്കാരൻ റിലീസാവുകയാണ്. അഭിനയം ഒരിക്കലും പണമുണ്ടാക്കാനുള്ള ഇടമായല്ല കാണുന്നത്. അതിനുമപ്പുറം ഒരിഷ്ടമാണ് ഈ മേഖലയെ.
കളക്ടർ വേഷം
ഓരോ സിനിമയിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒരു ഭാഗ്യമായി തന്നെ കരുതുന്നു. ആദ്യ ചിത്രത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയായ ലാവണ്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമായിരുന്നു ചിത്രം കൈകാര്യം ചെയ്തത്. മെല്ലെയിൽ ഉമയും പോക്കിരി സൈമണിൽ നായകന്റെ അനിയത്തിയായും കല വിപ്ലവം പ്രണയത്തിൽ സഖാവ് ശ്രുതിയായും ഒക്കെ എത്തി. വള്ളിക്കുടിലിൽ ഞാൻ പ്രിയ ഐ.എ.എസാണ്. നായകനായ ശ്യാമിന്റെ ജീവിതത്തിലെ ഒരു നിർണായക വ്യക്തിയാണ് പ്രിയ. കൂടുതലൊന്നും വെളിപ്പെടുത്താൻ അവകാശമില്ല.
കാമറാമാനായ രാജപാണ്ഡ്യൻ സാറിന്റെ ആദ്യ സംവിധാന സംരംഭമായ നിനൈവുകൾ തൂങ്കാത് എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുവയ്ക്കുകയാണ്. തെലുങ്ക് താരം ആദി ശരവണയാണ് നായകൻ.
പഠനം
സ്‌കൂൾ കാലഘട്ടം ദുബായിലായിരുന്നു. ഇപ്പോൾ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി. മന:ശാസ്ത്രമാണ് വിഷയം. ഷൂട്ടിംഗിന്റെ ഇടവേളകളിൽ ദുബായിലേക്ക് പറക്കും കോളേജിലെത്താനായി.
ജാനുവും കാഞ്ചനയും ടെസയും
ഏറെ കൊതിപ്പിക്കുന്ന കഥാപാത്രങ്ങളാണ് 96ലെ ജാനു, എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല, 22 ഫീമെയിൽ കോട്ടയത്തിലെ ടെസയൊക്കെ. അതുപോലെ ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളാണ് മോഹം.
നായിക തന്നെ വേണ്ട
ചെറുതായാലും ആഴമുള്ള നിർണായ കഥാപാത്രങ്ങൾ തേടിയെത്തണം. നായിക തന്നെ വേണമെന്ന് നിർബന്ധമില്ല.
നൃത്തം തന്നെ ജീവിതം
മൂന്നുവയസിൽ ചുവടുവച്ച് തുടങ്ങിയതാണ്. ഇന്ന് ദുബായിൽ സ്വന്തമായി ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. ഞാൻ ഷൂട്ടിംഗ് തിരക്കിലാകുമ്പോൾ അനിയത്തി തനിമയാണ് ക്ലാസുകൾ നോക്കുന്നത്. മത്സരത്തിനുവേണ്ടി മാത്രം പഠിപ്പിക്കുകയെന്ന പതിവില്ല. അങ്ങനെ വരുന്നവരെ അടുപ്പിക്കാറുമില്ല.
കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ നൃത്തത്തിലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നടി ശോഭനയുടെ നൃത്തം കണ്ട് ഏറെ കൊതിക്കാറുണ്ട്. അതുപോലെ ഒന്നു ചുവടുവയ്ക്കാൻ.
വായനയും ഒരാശ്വാസം
ഒഴിവു വേളകൾ കവർന്നെടുക്കുന്നത് സിനിമയും വായനയും തന്നെയാണ്. ഭാഷാഭേദമില്ലാതെ സിനിമകൾ ആസ്വദിക്കും. പുസ്തക വായനയിലും വലിപ്പച്ചെറുപ്പമില്ല. അരുന്ധതി റോയിയുടെ ഗോഡ് ഒഫ് സ്മാൾ തിംഗ്സിനോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്.
ഫഹദും വിജയ് സേതുപതിയും
താരങ്ങൾ എന്നതിനപ്പുറം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ കഥാപാത്രങ്ങളോട് വലിയ ഇഷ്ടമാണ്. അനു സിത്താര, നിമിഷ സജയൻ എന്നിവരുടെ അഭിനയവും വളരെ ആകർഷിച്ചിട്ടുണ്ട്.
ഷവർമ്മയും പുട്ടും
പ്യൂവർ വെജിറ്റേറിയനായിരുന്ന എന്നെ നോൺ വെജാക്കിയത് ഷവർമ്മയാണ്. പുട്ടും കടലയും കണ്ടാൽ കൺട്രോൾ പോകും. ഡയറ്റെന്ന വാക്ക് നിഘണ്ടുവിലില്ല. ആരോഗ്യത്തിന് ഹാനികരമാകാത്തതെല്ലാം കഴിക്കും. നൃത്തം തന്നെയാണ് എക്സർസൈസ്.
തനുജ കാർത്തിക്
അച്ഛൻ കാർത്തിക് തമ്പി ദുബായിൽ ബിസിനസ്. അമ്മ സുമ കാർത്തിക് വീട്ടമ്മ. സഹോദരൻ : തനുഷ് കാർത്തിക് (ഭാര്യ: ലക്ഷ്മി). സഹോദരി: തനിമ കാർത്തിക്.