തിരുവനന്തപുരം: ഡിവൈ.എസ്.പിയുമായുണ്ടായ തർക്കത്തിനിടെ വാഹനാപകടത്തിൽ പെട്ട നെയ്യാറ്റിൻകര സ്വദേശി സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സ്‌റ്റേഷനിൽ കയറാൻ നിർദ്ദേശിച്ചത് പൊലീസാണെന്ന് ആംബുലൻസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.നാട്ടുകാർ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. എന്നാൽ സനലിന് പൊലീസ് മദ്യം നൽകിയെന്ന ആരോപണം തെറ്റാണെന്നും ആംബുലൻസ് ഡ്രൈവർ അനീഷ് വ്യക്തമാക്കി.
ഓലത്താണിയിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ തന്നെ രാത്രി 10.15ഓടെയാണ് ഒരാളെ ആശുപത്രിയിലെത്തിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാൾ വിളിക്കുന്നത്. 3.5 കിലോമീറ്റർ സഞ്ചരിച്ചാണ് അപകടസ്ഥലത്തെത്തിയത്. അവിടെ കൂടിയിരുന്ന നാട്ടുകാർ ചേർന്ന് സനലിനെ ആംബുലൻസിൽ കയറ്റി. ഒരു നാട്ടുകാരൻ പിന്നിലും നെയ്യാറ്റിൻകര സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ മുന്നിലും കയറി. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ നെയ്യാറ്റിൻകര ആശുപത്രിയിൽ പോയാൽ മതിയെന്നും വണ്ടിക്ക് അധികം വേഗത മതിയെന്നും പൊലീസുകാരൻ നിർദ്ദേശം നൽകി. എന്നാൽ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തങ്ങളോട് പറഞ്ഞത്.
ഇതിനിടയിൽ കൂടെവന്ന നാട്ടുകാരനെ കാണാതായി. സ്‌റ്റേഷനിലേക്ക് കൂടെപോകാൻ പൊലീസുകാരൻ നിർദ്ദേശിക്കുകയും ചെയ്‌തു. സ്‌റ്റേഷനിലെത്തിയപ്പോൾ മറ്റൊരു പൊലീസുകാരൻ ആംബുലൻസിൽ കയറി. ഇയാളോടൊപ്പം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും സനൽ മരിച്ചിരുന്നു. പിന്നീട് പുലർച്ചെ മൂന്നരയോടെ പൊലീസുകാരനെ നെയ്യാറ്റിൻകര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷമാണ് താൻ വീട്ടിലേക്ക് മടങ്ങിയതെന്നും അനീഷ് ഒരു ഓൺലൈൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.