ശബരിമല: യുവതീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് സംഘപരിവാർ പ്രവർത്തകർ പതിനെട്ടാം പടി കൈയേറി ആചാരലംഘനം നടത്തിയപ്പോൾ സുരക്ഷാ ചുമതലയുള്ള നിങ്ങൾ എന്തുകൊണ്ട് മുറിക്ക് പുറത്തിറങ്ങിയില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്ര തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത്ത് കുമാറിനോട് ചോദിച്ചതായി വിവരം. ഐ.ജിയോട് ഡി.ജി.പി വിശദീകരണം തേടിയിട്ടുണ്ട്.
പൊലീസിനെ തള്ളിമാറ്റി പ്രതിഷേധക്കാർ പതിനെട്ടാം പടി കൈയേറിയതും പൊലീസിന്റെ മെഗാഫോൺ ഉപയോഗിച്ച് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ കൊണ്ട് സംഘപരിവാർ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിപ്പിച്ചതും കുറ്റകരമായ വീഴ്ചയായിട്ടാണ് സർക്കാരും ഡി.ജി.പിയും നോക്കിക്കാണുന്നത്. പൊലീസിനുണ്ടായ ഗുരുതര വീഴ്ച അതേപടി ഉടൻ റിപ്പോർട്ട് ചെയ്യാനാണ് ഡി.ജി.പി ഐ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നതത്രേ.
നൂറുകണക്കിന് പ്രതിഷേധക്കാർ സന്നിധാനം പൊലീസ് സ്റ്റേഷൻ കവാടവും പതിനെട്ടാംപടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണ ചുമതല എസ്.പിമാർക്ക് നൽകി ഐ.ജി മുറിക്കുള്ളിൽ തന്നെ തങ്ങുകയായിരുന്നു എന്നാണ് ആരോപണം. മുറിയുടെ പിന്നിലെ വരാന്തയിൽ ഇറങ്ങിനിന്ന് സംഭവങ്ങൾ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് അപ്പോൾ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സുരക്ഷാ ചുമതലയ്ക്കായി സർക്കാർ ആദ്യം നിയോഗിച്ച ഐ.ജി പി.വിജയനും ഇന്റലിജൻസ് മേധാവി വിനോദ് കുമാറും അവധിയിൽ പ്രവേശിച്ചത് ശബരിമല ഡ്യൂട്ടിയോട് താത്പര്യം ഇല്ലാത്തതിനാലാണത്രേ. കൂടുതൽ ഉദ്യോഗസ്ഥർ അവധിക്ക് അപേക്ഷിച്ചിട്ടുമുണ്ട്. ഈ അവസ്ഥയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലം എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതും പൊലീസിനെ കുഴയ്ക്കുന്നു. പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ പ്രയോജനം ഉണ്ടായില്ലെന്നതും പൊലീസ് നേടിരുന്ന വെല്ലുവിളിയാണ്. സന്നിധാനത്ത് പ്രതിഷേധക്കാരെ കൂടുതൽ സമയം തങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനവും പാളിയിരുന്നു.