neyyattinkara-murder

1. നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടെ യുവാവ് മരിച്ചത് തലയ്ക്ക് ക്ഷതം ഏറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തെറിച്ച് വീണപ്പോൾ തലയ്ക്ക് ക്ഷതം ഏറ്റു. വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നു. തലയോട്ടി പൊട്ടിയത് ഞരമ്പുകൾ പൊട്ടാൻ കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിൽ പൊലീസ് വീഴ്ച പുറത്തായതിന് പിന്നാലെ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ


2. നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒമാരായ സജീഷ് കുമാർ, ഷിബു എന്നിവർക്കാണ് സസ്‌പെൻഷൻ. നടപടി, സനലിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അപകടത്തിന് ശേഷം സനൽ അരമണിക്കൂർ റോഡിൽ കിടന്നു എന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിലെ പൊലീസ് വീഴ്ച ശരിവച്ച് സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിരുന്നു


3. കൊലപാതക കേസ് അന്വേഷിക്കുന്ന കാര്യത്തിലും തീരുമാനം ആയി. ക്രൈംബ്രാഞ്ച് എസ്.പി അന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈ.എസ്.പി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു

4. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ എൻ.ഡി.എ നയിക്കുന്ന രഥയാത്രയ്ക്ക് കാസർകോട് മധൂരിൽ തുടക്കം. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധി മറയാക്കി ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈകടത്താൻ സർക്കാർ ശ്രമിക്കുന്നു എന്ന് യെദ്യൂരപ്പ. ബി.ജെ.പി കോടതി വിധിക്ക് എതിരല്ല. സമരത്തിന് പ്രേരിപ്പിച്ചത് ഭക്തരുടെ വികാരം എന്നും പ്രശ്നങ്ങൾ തീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം എന്നും യെദ്യൂരപ്പ

5. ചടങ്ങിനെ അഭിസംബോധന ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള സി.പി.എമ്മിനെ വിമർശിച്ചത് രൂക്ഷമായ ഭാഷയിൽ. ഇത് ധർമ്മ യുദ്ധം ആണ്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യുദ്ധത്തിൽ ഹിന്ദുക്കൾ മാത്രമല്ല കേരളത്തിലെ എല്ലാ മത വിശ്വാസികളും ഒപ്പം ഉണ്ടെന്ന് അവകാശവാദം. പി.എസ് ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര 13ന് സമാപിക്കും

6. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമം സുപ്രീംകോടതി വിധിക്ക് എതിരെ എന്ന് ഹൈക്കോടതി. ശബരിമലയിൽ നടന്നത് ന്യായീകരിക്കാൻ കഴിയാത്ത അക്രമ സംഭവങ്ങൾ എന്നും കോടതി നിരീക്ഷണം. ഹൈക്കോടതിയുടെ പരാമർശം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യ ഹർജി പരിഗണിക്കവേ.

7. തൃപ്പുണിത്തുറ സ്വദേശിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും നാമജപ പ്രാർത്ഥന നടത്തിയതെ ഉള്ളൂ എന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പ്രതി അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നും കോടതി. അതേസമയം, സുപ്രീംകോടതി വിധിയിൽ റിവ്യൂ ഹർജി നൽകണം എന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്നും കോടതി.

8. റിവ്യൂ ഹർജി സംബന്ധിച്ച് ദേവസ്വം ബോർഡിനും നിർദ്ദേശം നൽകാനാവില്ല. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവകാശങ്ങളിൽ കോടതിയ്ക്ക് ഇടപെടാൻ പരിമിതി ഉണ്ട്. ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന് എതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി. മോശം പെരുമാറ്റം ബോധ്യപ്പെട്ടാൽ മാത്രമേ നടപടി എടുക്കാൻ സാധിക്കും എന്നും കോടതി. മുൻ പ്രസിഡന്റ് പ്രയാർ ഗോപാകൃഷ്ണൻ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല

9. ലൈംഗിക ആരോപണം നേരിടുന്ന പി.കെ ശശി എം.എൽ.എയ്ക്ക് എതിരെ കേന്ദ്ര നേൃത്വത്തിൽ വീണ്ടും പരാതി എത്തിയതിന് പിന്നാലെ വിശദീകരണവുമായി അന്വേഷണം കമ്മിഷൻ അംഗം മന്ത്രി എ.കെ ബാലൻ. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും എന്ന് മന്ത്രി. യുവതി വീണ്ടും പരാതി നൽകിയതിന് കുറിച്ച് അറിയില്ലെന്നും പ്രതികരണം. യുവതിയുടെ പരാതിയിൽ അന്വേഷണം പൂർത്തിയായതായി കേന്ദ്ര നേതൃത്വം

10. സംഭവത്തിൽ പാർട്ടി തല അന്വഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. ഉന്നതരാണ് ഇതിന് പിന്നിൽ. പി.കെ ശശിയുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ആണ് വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നൽകിയത്. ശശി കേന്ദ്ര കമ്മിറ്റി നേതാവുമായി രഹസ്യ ചർച്ച നടത്തി എന്നും ആരോപണ വിധേയൻ ഇപ്പോഴും പാർട്ടിയിൽ സജീവമെന്നും സീതാറാം യെച്ചൂരിക്ക് നൽകിയ കത്തിൽ പരാതിക്കാരി ആരോപിച്ചു

11. എൻ.എസ്.എസ് കരയോഗ മന്ദിരങ്ങൾക്കു നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ് ക്രിമിനലുകൾ എന്ന് മന്ത്രി ഇ.പി ജയരാജൻ. കുറച്ചു ദിവസങ്ങളായി നാടിന്റെ ഐക്യം തകർക്കാൻ സംഘടിതമായ ശ്രമം നടക്കുന്നു. കരയോഗ മന്ദിരങ്ങൾ തകർത്തതിനു പിന്നിൽ സി.പി.എം ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വ്യക്തിപരമായി അവഹേളിക്കാൻ നീക്കം നടന്നു എന്നും ജയരാജൻ

12. മന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളയും രംഗത്ത്. എൻ.എസ്.എസ് കേന്ദ്രങ്ങൾ ആക്രമിച്ചത് ആർ.എസ്.എസുകാർ എന്ന് മന്ത്രി പറഞ്ഞത്, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.