ദണ്ഡേവാഡ: മാവോയിസ്റ്റുകാരുടെ ബോംബാക്രമണത്തിൽ ബസ് തകർന്ന് അഞ്ച് പേർ മരിച്ചു. ചത്തീസ്ഗഢിലെ ദണ്ഡേവാഡയിലാണ് സംഭവം. ആക്രമണത്തിൽ ഒരു സി.ഐ.എസ്.എഫ് ജവാനുൾപ്പെടെ അഞ്ച് പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്ഗഢിലെ ജഗ്‌ദൽപ്പൂർ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം.
ജവാന്മാർ മാർക്കറ്റിൽ പോയി മടങ്ങവേയാണ് ആക്രമണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പ്രദേശത്ത് ഉപയോഗിച്ചു വരുന്ന സ്വകാര്യ ബസാണ് ബോംബാക്രമണത്തിൽ തകർന്നത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12നും 20നുമായി നടക്കാനിരിക്കെയാണ് ആക്രമണം.
ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത മേഖലകളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. മാവോയിസ്റ്റ് പ്രവർത്തനം പ്രദേശത്ത് രൂക്ഷമാണ്. എട്ട് ദിവസം മുൻപ് ചത്തീസ്ഗഢിൽ രണ്ട് പൊലീസുകാരും ഒരു ദൂരദർശൻ കാമറാമാനും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.