കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. യുവമോർച്ച സംസ്ഥാന സമിതി യോഗത്തില പ്രസംഗത്തിൽ മതവികാരം ഇളക്കിലവിടുന്നതരത്തിലാണെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികൾ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശി ഷൈബിനാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്മേലെടുത്തതാണെന്നാണ് യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞത്. നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ എല്ലാവരും വീണു, കൃത്യമായ ആസൂത്രണമാണ് ബി.ജെ.പി ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും പിള്ള പറഞ്ഞു. തന്റെ പേരിൽ ഇതുവരെ ഏഴ് കേസുകളാണെടുത്തിട്ടുള്ളത്. സി.പി.എമ്മും കോൺഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും കാസർഗോഡ് നടന്ന രഥയാത്ര ഉദ്ഘാടനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ തനിക്കെതിരെ കേസ് കൊടുത്തവർക്കെതിരെ വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.