ന്യൂഡൽഹി: കള്ളപ്പണം തിരിച്ചുപിടിക്കാനല്ല 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും മറിച്ച് കറൻസിയുടെ കണക്കെടുപ്പായിരുന്നു ലക്ഷ്യമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. കള്ളപ്പണം വീണ്ടെടുക്കുകയായിരുന്നില്ല നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം. മറിച്ച് രാജ്യത്തെ കറൻസിയുടെ കണക്കെടുപ്പായിരുന്നു ലക്ഷ്യമെന്നും നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ തന്റെ ഫേസ്ബുക്ക് ബ്ലോഗിലൂടെ ജയ്റ്റ്ലി വ്യക്തമാക്കി. കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ കോൺഗ്രസ് എന്തിനാണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് ചോദിച്ചത്.
അതേസമയം, ആർ.എസ്.എസിന്റെ ദുർമന്ത്രവാദികൾ നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക് ആരോപിച്ചു. കേന്ദ്രസർക്കാർ വീണിടം വിദ്യയാക്കുകയാണ്. ആർ.ബി.ഐയോട് പോലും ആലോചിക്കാതെയാണ് കേന്ദ്രസർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. നോട്ടുനിരോധനം വൻ ദുരന്തമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.
എന്നാൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കുറച്ച് കൂടി ശക്തമായ ഭാഷയിലാണ് മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മൻമോഹൻസിംഗ് കേന്ദ്രസർക്കാരിനെ വിമർശിച്ചത്. നോട്ട് നിരോധനം മൂലമേറ്റ മുറിവുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണ മുറിവുകൾ കാലം ഉണക്കുന്നതാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, നോട്ട് നിരോധനത്തിന്റെ ആഘാതം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സാമ്പത്തിക അബദ്ധങ്ങൾ രാജ്യത്തെ നീണ്ടകാലത്തേക്ക് എങ്ങനെ അലോസരപ്പെടുത്തുമെന്നും, സാമ്പത്തിക നയങ്ങൾ വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ബോധ്യപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.