thomas-isaac

വൈക്കത്ത് നിന്നും എറണാകുളം വരെ ജലമാർഗം അതിവേഗത്തിൽ സഞ്ചരിക്കുന്ന വേഗ എന്ന ബോട്ട് ഞായറാഴ്ച സർവ്വീസ് ആരംഭിച്ചിരുന്നു. വേഗയെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ ബസുമായി താരതമ്യപ്പെടുത്തിയാണ് വേഗയുടെ മേൻമകൾ വിവരിക്കുന്നത്. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാൻ ബസ്സിൽ രണ്ടു മണിക്കൂർ എടുക്കുമെങ്കിൽ വേഗയ്ക്ക് ഒന്നേ മുക്കാൽ മണിക്കൂർ മതി. ഇത് കൂടാതെ ടിക്കറ്റ് നിരക്കും കുറവാണ് വേഗയ്ക്ക്. ഇത് കൂടാതെ സ്നാക്ക് ബാർ, ബയോ ടോയ്‌ലെററ് എന്നീ സൗകര്യങ്ങളുമുണ്ട്. എന്നാൽ പോസ്റ്റിന്റെ അവസാന ഭാഗത്ത് കെ.എസ്.ആർ.ടി.സിയെ കൊട്ടാനും തോമസ് ഐസക് മറന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കെ.എസ്.ആർ.ടി.സിയുടെ പാതയിലൂടെയല്ല കേരള വാട്ടർ ട്രാൻസ്‌പോർട്ട് സഞ്ചരിക്കുന്നത്, സ്വയം നവീകരിക്കാനും കാര്യക്ഷമത കൂട്ടാനും വരുമാനം വർദ്ധിപ്പിക്കാനും മാനേജ്‌മെന്റിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ ശ്രമം ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാൻ ബസ്സിൽ രണ്ടു മണിക്കൂർ എടുക്കും . ഞായറാഴ്ച സർവീസ് ആരംഭിച്ച അതിവേഗ ബോട്ട് സർവീസിന് ഒന്നേ മുക്കാൽ മണിക്കൂർ മതി. ബസ്സിനു 42 രൂപയാണ് ടിക്കറ്റ് ചാർജ്ജ് . ബോട്ടിന് 40 രൂപ മതി . 80 രൂപ മുടക്കാൻ തയ്യാർ ആണെങ്കിൽ നിങ്ങൾക്ക് എയർ കണ്ടീഷൻ ചെയ്ത മുറിയിൽ കുഷ്യൻ സീറ്റുകളിൽ ഇരുന്നു യാത്ര ചെയ്യാം. ബോട്ടിൽ സ്നാക്ക് ബാർ ഉണ്ട് . ബയോ ടോയ്‌ലെററ് ഉണ്ട്. ബസ്സിന്റെ കുലക്കവും ഇല്ല പുകയും ഇല്ല . നിങ്ങൾ ഏത് തെരഞ്ഞെടുക്കും? ബസ്സോ ബോട്ടോ ? ഞാൻ ഏതായാലും ചാൻസ് കിട്ടിയാൽ ബോട്ടിലെ പോകൂ. സ്വസ്ഥമായിരുന്ന് പുസ്തകവും വായിക്കാം. ഇത് പോലെ ആലപ്പുഴ നിന്ന് കോട്ടയത്തേക്കും ബസ്സിനെക്കാൾ കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് ബോട്ടിൽ എത്താം. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത അതിവേഗ ബോട്ട് സർവ്വീസ് വേഗ120 ൽ 120 പേർക്ക് യാത്ര ചെയ്യാം . മൂന്ന് ബസ്സിൽ ഇരുന്നു യാത്ര ചെയ്യാവുന്നത്ര ആളുകൾ . പക്ഷെ ഒരു ബസ്സിന്റെ ഡീസൽ മതി. അത്രയ്ക്ക് മലിനീകരണം കുറയും. ഏതു യാത്രയാണ് പരിസ്ഥിതിക്ക് അനുയോജ്യം .


പതുക്കെ പതുക്കെയാണെങ്കിലും കേരള ജലഗതാഗതത്തിൽ മാറ്റങ്ങൾ വരികയാണ്. ഉടൻ ഉണ്ടാവാൻ പോകുന്ന വിപ്ലവകരമായ മാറ്റം കൊച്ചി കേന്ദ്രീകരിച്ചുള്ള കൊച്ചി മെട്രോ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് പ്രോജക്ട് ആണ്. ഇത് കൊച്ചി നഗരത്തിലെ റോഡ് ഗതാഗത നിരക്ക് ഗണ്യമായി കുറയ്ക്കും എന്നതിൽ സംശയമില്ല. ആലപ്പുഴ കേന്ദ്രീകരിച്ചും ഇത്തരമൊരു ആധുനീക സംവിധാനം തയ്യാറായി വരുന്നു .

ഒരു കാലത്ത് കേരളത്തിലെ 95 ശതമാനം യാത്രയും ചരക്കു ഗതാഗതവും ജലമാർഗ്ഗം ആയിരുന്നു . ഇപ്പോൾ അതിന്റെ വിഹിതം 5 ശതമാനത്തിൽ താഴെയാണ് . ഇത് 20 ശതമാനം എങ്കിലും ആക്കിയാൽ റോഡിലെ തിരക്കിന് വലിയ ശമനമുണ്ടാകും, പക്ഷെ പറയുന്നത് പോലെ അത്ര എളുപ്പമല്ല. ജലപാതയ്ക്ക് ആഴം കൂട്ടണം . പല പാലങ്ങളും പൊളിച്ചു ഉയരം കൂട്ടണം . ജെട്ടികൾ നവീകരിക്കണം . കൊച്ചു ക്രെയിനുകൾ സ്ഥാപിക്കേണ്ടി വരും . വേണ്ടി വന്നാൽ കണ്ടെയിനർ ട്രാഫിക്ക് ഇത് വഴിയാക്കണം. ഇതിനാണ് സിയാൽ മോഡലിൽ പുതിയ കമ്പനി ഉണ്ടാക്കിയിട്ടുള്ളത് .

ഏതായാലും എനിക്ക് സന്തോഷം തോന്നി കെ എസ് ആർ ടി സി യുടെ പാതയിലൂടെയല്ല കേരള വാട്ടർ ട്രാൻസ്‌പോർട്ട് സഞ്ചരിക്കുന്നത്. സ്വയം നവീകരിക്കാനും കാര്യക്ഷമത കൂട്ടാനും വരുമാനം വർദ്ധിപ്പിക്കാനും മാനേജ്‌മെന്റിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ ശ്രമം ഉണ്ടാവുന്നുണ്ട്.