neyyattinkara-death

തിരുവനന്തപുരം : മൂന്നുദിവസമായി വിജി ഒരു വറ്റു പോലും കഴിച്ചിട്ടില്ല. മക്കൾക്ക് ദോശ വാങ്ങാൻ പോയ പ്രിയതമനെ ജീവനില്ലാതെ വീട്ടിലെത്തിച്ചപ്പോൾ മുതൽ ഒരേകിടപ്പാണ്. സനലിനെക്കുറിച്ച് ആരെങ്കിലും പറയുമ്പോൾ അമ്മ വാസന്തിയെ ചേർത്തുപിടിച്ച് പൊട്ടിക്കരയും. മക്കളായ അലനും ആൽബിനും ഇതു കണ്ട് അമ്പരന്നു നിൽക്കുകയാണ്. എന്തുപറഞ്ഞ് വിജിയെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും പകച്ചുനിൽക്കുന്നു. നെയ്യാറ്രിൻകര കൊടങ്ങാവിള കാവുവിളയിലെ സനലിന്റെ വീട്ടിലെ നോവുണർത്തുന്ന കാഴ്ചകൾ ആരുടെയും കരളലിയിക്കും.

സ്വീകരണ മുറിയിൽ സനലിന്റെ കുടുംബചിത്രം സൂക്ഷിച്ചിരിക്കുന്നു. ഈ ചിത്രം നെഞ്ചോട് ചേർത്ത് മൂന്നരവയസുകാരൻ അലനും നാലര വയസുള്ള ആൽബിനും അച്ഛനെത്തേടി വീടുമുഴുവൻ നടക്കുകയാണ്. ഇടയ്‌ക്കിടെ അച്ഛന്റെ ചിത്രത്തിൽ ഇരുവരും ഉമ്മവയ്‌ക്കുന്നത് എല്ലാവരുടെയും മിഴിനനയ്‌ക്കുന്നു.

മകന്റെ മുറിയിൽ നിറകണ്ണുകളോടെയിരിക്കുകയാണ് സനലിന്റെ അമ്മ രമണി. വീടിനു പിന്നിൽ വടക്കു പടിഞ്ഞാറായി അച്ഛൻ സോമരാജന്റെ കല്ലറയ്‌ക്കടുത്താണ് സനലിന്റെ കുഴിമാടം. അവിടെ ഇട്ടിട്ടുള്ള പൂക്കളും മാലകളും കൗതുകത്തോടെ നോക്കുകയാണ് സനലിന്റെ മക്കൾ.

ഇന്നാണ് സനലിന്റെ മരണാനന്തരച്ചടങ്ങുകൾ. അതിനു ശേഷം ശവകുടീരത്തിൽ കല്ലറ പണിയും. വിജിയെ ആശ്വസിപ്പിക്കാൻ നിരവധി പേർ കാവുവിള വീട്ടിലേക്കെത്തുന്നുണ്ട്. ഇന്നലെ സുരേഷ് ഗോപി എം.പിയും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ മറ്റ് പ്രമുഖരുമെത്തിയിരുന്നു.