ലുലു സൈബർ ടവർ-2 നാളെ തുറക്കും
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: ലോക ഐ.ടി ഭൂപടത്തിൽ കേരളത്തിന് മുൻനിരസ്ഥാനം നൽകുക ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് കൊച്ചി ഇൻഫോ പാർക്കിൽ 400 കോടി രൂപ നിക്ഷേപത്തോടെ പ്രകൃതിസൗഹാർദ്ദമായി ഒരുക്കിയ 'ലുലു സൈബർ ടവർ-2" നാളെ തുറക്കും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഐ.ടി സഹമന്ത്രി എസ്.എസ്. അലുവാലിയ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കെ.വി. തോമസ്, വി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളാകും. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ. യൂസഫലി സ്വാഗതം പറയും.
എം.എൽ.എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എൽദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ എം.ടി. ഓമന, സംസ്ഥാന ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ഋഷികേശ് നായർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി എന്നിവർ സംസാരിക്കും.
സവിശേഷതകളുമായി ലുലു സൈബർ ടവർ-2
ഇൻഫോപാർക്കിലെ ഏറ്റവും വലിയമന്ദിരം. ഉയരം 75 മീറ്റർ. 20 നിലകൾ.
മൊത്തം 15 ലക്ഷം ചതുരശ്ര അടി. ഒമ്പത് ലക്ഷം അടി (11 നിലകൾ) ഐ.ടി ഓഫീസുകൾക്ക്
ആദ്യ എട്ട് നിലകൾ (അഞ്ച് ലക്ഷം ചതുരശ്ര അടി) പൂർണമായും കാർ പാർക്കിംഗിന്
ഒരേസമയം 1,400 കാറുകൾ പാർക്ക് ചെയ്യാം
ഒരുലക്ഷം ചതുരശ്ര അടിയിൽ ഫുഡ് കോർട്ട്, റെസ്‌റ്റോറന്റുകൾ, ജിം, യോഗ റൂം, ഓഡിറ്രോറിയം തുടങ്ങിയവ
ഫുഡ് കോർട്ടിൽ ഒരേസമയം 900 പേർക്കിരിക്കാം
സിനിമാ തിയേറ്ററുകളോട് കിടപിടിക്കുന്ന ഓഡിയോ-വീഡിയോ സംവിധാനമുള്ള ഓഡിറ്രോറിയത്തിൽ 350 പേർക്കിരിക്കാം
മികച്ച സൗകര്യം, മുന്തിയ സുരക്ഷ
അതിവിശാലമാണ് ലുലു സൈബർ ടവർ-2ലെ ആഗോള വിലവാരമുള്ള ആടിയ്രം. 25 സെക്കൻഡിനകം 20 നിലകളും താണ്ടുന്ന 16 ഹൈസ്‌പീഡ് ലിഫ്‌റ്റുകൾ, രണ്ടു സർവീസ് ലിഫ്‌റ്റുകൾ, ഓരോ ഫ്ളോറിലും നാലുവീതം ഫയർ എക്‌സിറ്റ്, ഭിന്നശേഷിക്കാർക്കും റെസ്‌റ്റ് റൂം, സുരക്ഷയ്‌ക്കായി 400 സി.സി.ടി.വി കാമറകൾ, ചൂട് നിയന്ത്രിച്ച്, എ.സിയുടെ ഊർജ്ജക്ഷമത 30 ശതമാനം വരെ ലാഭിക്കുന്ന ഡബിൾ ഗ്ളേസ്‌ഡ് ഇൻസുലേറ്റിംഗ് ഗ്ളാസ്, ഹെലിപ്പാഡ് തുടങ്ങിയവയും മികവുകൾ.
ലക്ഷ്യം ആഗോള
കമ്പനികൾ
രണ്ട് മുൻനിര അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ലുലു സൈബർ ടവർ-2ൽ പ്രവർത്തന താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. 40 ശതമാനം ഐ.ടി സ്‌പേസ് ഇതിനകം വിവിധ കമ്പനികൾ ഉറപ്പിച്ചു. ഒന്നര വർഷത്തിനകം ഐ.ടി സ്‌പേസ് പൂർണമായും ഉൾക്കൊള്ളപ്പെടും. 11,000 മുതൽ 15,000 പേർക്ക് തൊഴിലും ലഭിക്കും. റോബോട്ടിക്‌സ്, എ.ഐ, ബ്ളോക്ക് ചെയിൻ തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളെയാണ് പ്രതീക്ഷിക്കുന്നത്.
സ്‌മാർട് സിറ്രിയിൽ ഇരട്ട മന്ദിരം;
മൊത്തം ഐ.ടി നിക്ഷേപം ₹2,400 കോടി
ഐ.ടി ആവശ്യങ്ങൾക്കായി 2,400 കോടി രൂപ നിക്ഷേപത്തോടെ 50 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ലുലു ഗ്രൂപ്പ് കൊച്ചിയിൽ ഒരുക്കുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ലുലു സൈബർ ടവർ-1, സൈബർ ടവർ-2 എന്നിവയിലായി 15 ലക്ഷം ചതുരശ്ര അടി പ്രവർത്തനസജ്ജമായി. കൊച്ചി സ്‌മാർട് സിറ്റിയിൽ രണ്ടു മന്ദിരങ്ങൾ നിർമ്മിക്കും. 2021ൽ ഇത് പ്രവർത്തസജ്ജമാകും. കുട്ടികളുള്ള മാതാപിതാക്കൾക്ക് സുഖമായി ജോലി ചെയ്യാനാകും വിധമാണ് ഈ മന്ദിരങ്ങൾ നിർമ്മിക്കുക. ഇവിടെ കുട്ടികൾക്ക് കളിസ്ഥലമുണ്ടാകും. ശിശുരോഗ വിദഗ്ദ്ധൻ, ആയമാർ എന്നിവരുടെ സേവനം ലഭ്യമാക്കും.
കേരളം മുന്നേറണം
ഇന്ത്യയെ ഔട്ട്‌സോഴ്‌സിംഗ് ഹബ്ബാക്കി മാറ്റണമെങ്കിൽ ഇവിടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുണ്ടാകണമെന്ന് എം.എ. യൂസഫലി പറഞ്ഞു. ''അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഐ.ടി മന്ദിരങ്ങൾ ഞാൻ സന്ദർശിച്ചിരുന്നു. അതിനേക്കാൾ മികച്ച സൗകര്യം ലുലു സൈബർ ടവറിൽ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലെത്താൻ കേരളത്തിന് കഴിയണം. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ, കൺവെൻഷൻ സെന്റർ എന്നിവ കൊച്ചിയിലാണ്. ഐ.ടിയിലും കൊച്ചിയും കേരളവും മുന്നിലെത്തണം", യൂസഫലി പറഞ്ഞു.
''വിദ്യാസമ്പന്നരായ യുവാക്കളാണ് നമ്മുടെ സമ്പത്ത്. അവർക്ക് സുരക്ഷിതവും വലിയ ശമ്പളവുമൊക്കെയുള്ള തൊഴിൽ സൗകര്യം ഒരുക്കേണ്ടത് നമ്മുടെ ദൗത്യമാണ്. അത്, സർക്കാരിന്റെ മാത്രം കടമയല്ല. ബിസിനസ് സംരംഭകർ, ബാങ്കുകൾ തുടങ്ങിയവയുടെ സഹകരണവും വേണം. യുവാക്കൾ നാടുംവീടും വിട്ട് അന്യനാട്ടിൽ തൊഴിൽ തേടിപ്പോകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ അതുവഴി സാധിക്കും"
എം.എ. യൂസഫലി,
ചെയർമാൻ, ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് കൂടുതൽ
രാജ്യങ്ങളിലേക്ക്
22 രാജ്യങ്ങളിലായി 154 ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും നിലവിൽ ലുലുൂ ഗ്രൂപ്പിനുണ്ട്. അൾജീരിയ, ടുണീസ്, മൊറോക്കോ എന്നിവിടങ്ങളിലേക്കും വൈകാതെ പ്രവർത്തനം വ്യാപിപ്പിക്കും.
ലുലു സൈബർ ടവർ-1
ഇൻഫോപാർക്കിൽ ലുലു സൈബർ ടവർ-1ന് സമീപത്തായാണ് ലുലു സൈബർ ടവർ-2 ഉയർന്നിരിക്കുന്നത്. ഇൻഫോപാർക്കിലെ 'തേജോമയി" മന്ദിരം ഏറ്റെടുത്താണ് ലുലു ഐ.ടി രംഗത്തേക്ക് ചുവടുവച്ചത്. തേജോമയിയാണ് പിന്നീട് ലുലു സൈബർ ടവർ-1 ആയത്. പത്തു നിലകളുള്ള ടവർ-1ൽ 20 ഐ.ടി കമ്പനികളിലായി 5,000 പേർ ജോലി ചെയ്യുന്നുണ്ട്. ഫുഡ് കോർട്ട്, ബാങ്കുകൾ, കോൺഫറൻസ് ഹാൾ, 400 കാറുകൾക്കുള്ള പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.