white-house

വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വാർത്താസമ്മേളനത്തിൽ 'അസുഖകരമായ ചോദ്യം ചോദിച്ച' മാദ്ധ്യമപ്രവർത്തകന് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. സി.എൻ.എൻ ചാനലിന്റെ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ് ഹൗസ് റദ്ദാക്കിയത്.

തന്നോട് തർക്കിച്ച ലേഖകനോട് ട്രംപ് നിർത്താൻ ആവശ്യപ്പെടുകയും വൈറ്റ് ഹൗസ് ജീവനക്കാരിയോട് ആംഗ്യം കാണിക്കുകയും ചെയ്‌തു. തുടർന്ന് ലേഖകന്റെ മൈക്ക് പിടിച്ചെടുക്കാൻ എത്തിയ വൈറ്റ്ഹൗസ് സഹായിയായ യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നാരോപിച്ചാണ് നടപടി. അക്കോസ്റ്റ അത് നിഷേധിച്ചു. അസുഖകരമായ ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തങ്ങളുടെ ലേഖകന്റെ പാസ് റദ്ദാക്കിയതെന്ന് സി.എൻ.എൻ വ്യക്തമാക്കി.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബുധനാഴ്ച വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.

ലാറ്റിൻ അമേരിക്കയിൽ നിന്ന് തെക്കൻ അമേരിക്കൻ അതിർത്തിയിലേക്ക് വന്ന കുടിയേറ്റക്കാരുടെ സംഘങ്ങളെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതു സംബന്ധിച്ചായിരുന്നു ജിമ്മിന്റെ ചോദ്യങ്ങൾ.

ചോദ്യങ്ങളിൽ ട്രംപ് അസ്വസ്ഥനായി. തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ച ജിം അക്കോസ്റ്റയോടു നിർത്താൻ ട്രംപ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിങ്ങൾ നുണ പ്രചരിപ്പിക്കുന്നവരാണ് എന്നു പറഞ്ഞ് ട്രംപ്, മൈക്ക് താഴെ വയ്‌ക്കാനും ഇരിക്കാനും ആജ്ഞാപിച്ചു. അക്കോസ്റ്റ അനുസരിച്ചില്ല. അക്കോസ്റ്റയുടെ മൈക്ക് തിരികെ വാങ്ങാൻ വൈറ്റ് ഹൗസ് ജീവനക്കാരി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് അക്കോസ്റ്റയുടെ മാദ്ധ്യമ പാസ് റദ്ദാക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് ട്വീറ്റ് ചെയ്തത്.

ഭരണകൂടത്തെയും പ്രസിഡന്റിനെയും വിമർശിക്കുന്ന ചോദ്യങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് പ്രസിഡന്റെന്നും തന്റെ ജോലി ചെയ്‌ത വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് റിപ്പോർട്ടർ കൈവച്ചത് അംഗീകരിക്കാനാവില്ലെന്നും സാൻഡേഴ്‌സ് വ്യക്തമാക്കി.

നുണയെന്ന് അക്കോസ്റ്റ

ആരോപണം നുണാണെന്ന് അക്കോസ്റ്റ ട്വീറ്റ് ചെയ്തു. മറ്റ് മാദ്ധ്യമപ്രവർത്തകരും അക്കോസ്റ്റയ്ക്കു പിന്തുണയുമായി രംഗത്തെത്തി. അസുഖകരമായ ബന്ധമുള്ള ഒരു റിപ്പോർട്ടറെ രഹസ്യ സുരക്ഷാ ഉപാധികൾ പ്രയോഗിച്ച് തളയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പ്രതിഷേധകരമാണെന്നും തെറ്റായ തീരുമാനം ഉടൻ തിരുത്തണമെന്നും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അക്കോസ്റ്റ ജനങ്ങളുടെ ശത്രുവാണെന്നും മര്യാദയില്ലാത്ത, കഴിവുകുറഞ്ഞ വ്യക്തിത്വമാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. മാദ്ധ്യമങ്ങൾക്കെതിരായ പ്രസിഡന്റിന്റെ നടപടികൾ എല്ലാ സീമയും ലംഘിച്ചിരിക്കുകയാണെന്നും ഇത് അപകടകരമാണെന്നും സി.എൻ.എൻ പറഞ്ഞു.